കൊല്ലം :പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നൂതന പദ്ധതികളാകും ഇനി സംസ്ഥാനത്ത് നടപ്പാക്കുക എന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വാടിയില്‍ മത്സ്യഫെഡ് വായ്പാ പുനഃക്രമീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ ലഭ്യമാകുന്ന സാഹചര്യത്തിലും 85 കോടി രൂപയുടെ സബ്സിഡിയാണ് രണ്ടര വര്‍ഷത്തിനുള്ളില്‍ മത്സ്യബന്ധന മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഉല്പ്പാദനച്ചെലവില് മണ്ണെണ്ണ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസലിന്റെ റോഡ് നികുതി മത്സ്യബന്ധന മേഖലയില്‍ ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ത്തി.
കേരളത്തിലെ ആകെയുള്ള 657 കിലോമീറ്റര്‍ തീരദേശ മേഖലയില്‍ അപകട സാധ്യതയുള്ള 300 കിലോമീറ്ററിലധികം പ്രദേശം പരിപൂര്‍ണമായി സംരക്ഷിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇരവിപുരത്ത് 37 കോടി രൂപ ചെലവില്‍ 25 പുലിമുട്ടും വെള്ളനാതുരുത്തില്‍ ഐആര്‍ഇയുടെ ഏഴു കോടി ചെലവഴിച്ച് നാലു പുലിമുട്ടും തീര്‍ക്കും. കൊല്ലം ക്യുഎസ്എസ് കോളനിയിലെ ഭവന നിര്‍മാണത്തിന് ഫിഷറീസ് വകുപ്പിന്റെ 11 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ- മന്ത്രി പറഞ്ഞു.
Post Your Comments