അബുദാബി: ചുവന്നനിറത്തിലുള്ള ബാന്‍ഡുകള്‍ അണിഞ്ഞ് ലോകനേതാക്കള്‍. മാര്‍ച്ചില്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന നിശ്ചയദാര്‍ഢ്യക്കാര്‍ക്കായുള്ള സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ചുവന്ന നിറത്തിലുള്ള ബാന്‍ഡുകള്‍ കൈകളില്‍ അണിഞ്ഞത്. പല നാടുകളില്‍ നിന്നുള്ള ഭരണാധികാരികളും കായികതാരങ്ങളുമെല്ലാം കൈകളില്‍ ബാന്‍ഡ് അണിഞ്ഞ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയാണ്.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുഹമ്മദ് സലയടക്കമുള്ള താരങ്ങള്‍, യു.എ.ഇ.യില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് ഫുട്‌ബോളിനായി എത്തിയ വിവിധ ടീമംഗങ്ങള്‍ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍ മത്സരങ്ങള്‍ക്ക് തങ്ങളുടെ പിന്തുണയറിയിക്കുന്നു.
ബാന്‍ഡിന്റെ പുറംഭാഗത്ത് ചുവപ്പും അകത്ത് വെള്ളയുമാണ് നിറം. പുറത്ത് നിശ്ചയദാര്‍ഢ്യക്കാരെ പരിചയപ്പെടുകയെന്നും അകത്ത് വെളുത്ത നിറമുള്ള ഭാഗത്ത് ഒന്നായിരിക്കുകയെന്നുമാണ് എഴുതിയിട്ടുള്ളത്. നിശ്ചയദാര്‍ഢ്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ സ്വരൂപിക്കുന്ന പദ്ധതിയും യൂണിഫൈഡ് ചാമ്പ്യന്‍സ് വെബ്‌സൈറ്റ് വഴി നടക്കുന്നുണ്ട്. ബാന്‍ഡുകള്‍ കൈകളിലുള്ളവര്‍ അത് കാണിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാനും അതുവഴി മറ്റുള്ളവര്‍ക്കും പ്രചോദനമേകാനും സംഘാടകര്‍ അറിയിച്ചു.
മാനവികതയിലൂന്നിയ ലോകത്തിലെ ഏറ്റവും വലിയ കായികവിനോദമാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്. മാര്‍ച്ച് 14 മുതല്‍ 21 നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 192 രാജ്യങ്ങളില്‍നിന്നുള്ള 7500-ഓളം പ്രതിഭകളാണ് മാറ്റുരയ്ക്കുക. നിശ്ചയദാര്‍ഢ്യക്കാരുടെ ജീവിതത്തില്‍ വലിയ വെളിച്ചമാവുന്ന മത്സരങ്ങളുടെ ഒരുക്കങ്ങളിലാണ് അബുദാബി.
Post Your Comments