Latest NewsKerala

മീനുകളുടെ തൂക്കം കുറയുന്നതായി റിപ്പോര്‍ട്ട്

കോട്ടയം: : ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലം കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠനം. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. മത്സ്യബന്ധനനയം രൂപവത്കരിക്കുന്നതിനായി, വകുപ്പിന്റെ ഗവേഷണവിഭാഗമാണ് മത്സ്യസമ്പത്തിനെക്കുറിച്ച് പഠിച്ചത്.

പത്തുവര്‍ഷത്തിനിടെ പിടിക്കുന്ന മീനിന്റെ തൂക്കത്തില്‍ 75,000 ടണ്ണിന്റെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. മത്സ്യത്തിന്റെ വലിപ്പം കുറയുന്നതാണ് പ്രധാനപ്രശ്‌നം. എല്ലാ ഇനങ്ങളുടേയും വലിപ്പം കുറയുന്നുണ്ട്.

ചൂടിന്റെ ഏറ്റക്കുറച്ചില്‍, സമുദ്രമേഖലയിലെ ആശാസ്യമല്ലാത്ത ജൈവ-ഭൗതിക പ്രവര്‍ത്തനങ്ങള്‍, മലിനീകരണം എന്നിവ കാരണമാണ്.

താപനിലയിലെ വര്‍ധനമൂലം സമുദ്രനിരപ്പ് ഉയരുന്നു. തിര, വേലിയേറ്റം, വേലിയിറക്കം, കാറ്റ്, ഭൂമിയുടെ ചരിവ് എന്നിവയിലുണ്ടാകുന്ന മാറ്റവും മത്സ്യങ്ങളുടെ സ്വാഭാവികവളര്‍ച്ചയേയും വ്യാപനത്തെയും തടയുന്നു. ഇതുമൂലം, മറ്റ് സ്ഥലങ്ങളില്‍നിന്ന് ഇവിടേക്കുള്ള മത്സ്യങ്ങളുടെ വരവും പോക്കും കുറയുന്നെന്നും കണ്ടെത്തി.

സംസ്ഥാനത്ത് പിടിക്കുന്ന മീനിന്റെ 72 ശതമാനവും 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തുനിന്നാണ്. കായല്‍, പുഴ മത്സ്യങ്ങള്‍, വളര്‍ത്തുമീനുകള്‍ എന്നിവ എല്ലാംകൂടി 28 ശതമാനമേയുള്ളൂ. കടല്‍മീനിന്റെ ദേശീയശരാശരിയാകട്ടെ, 40 ശതമാനമാണ്. 2007-ല്‍ ഇതുപോലൊരു പഠനം നടത്തിയിരുന്നു. പ്രതിവര്‍ഷം 5.98 ലക്ഷം ടണ്‍ മീന്‍ കടലില്‍നിന്ന് ലഭിക്കുന്നെന്നാണ് അന്ന് കണ്ടെത്തിയത്. എന്നാല്‍, 2018-ല്‍ നടത്തിയ പഠനത്തില്‍ ഇത് 5.23 ലക്ഷം ടണ്ണായി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button