ഭീകരരുമായി കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികോദ്യോഗസ്ഥന്‍ ലാന്‍സ് നായിക് നസീര്‍ വാനിയെ അശോക ചക്ര നല്‍കി രാഷ്ട്രം ആദരിക്കുമ്പോള്‍ അത് ചരിത്രത്തില്‍ ഇടം പിടിക്കും. അശോക് ചക്ര ലഭിക്കുന്ന കശ്മീരില്‍ നിന്നുള്ള ആദ്യസൈനിക ഓഫീസര്‍ ആയിരിക്കും വാനി. മാത്രമല്ല ഭീകരവാദിയായി പുറപ്പെട്ടിറങ്ങി അതിന്റെ നിഷ്ഫലത മനസിലാക്കി സൈന്യത്തില്‍ ചേര്‍ന്ന വ്യക്തി എന്ന നിലയിലും ഈ സൈനികോദ്യോഗസ്ഥന്‍ എന്നും ഓര്‍മ്മിക്കപ്പെടും.
ഷാപ്പിയനില്‍ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായി രണ്ട് മാസത്തിന് ശേഷമാണ് അശോക ചക്രയിലൂടെ നസീര്‍ വാനിയെ രാഷ്ട്രം ആദരിക്കുന്നത്. തീവ്രവാദത്തില്‍ ആകൃഷ്ടനായി പുറപ്പെട്ടിറങ്ങിയ വാനി പിന്നീട് അതുപേക്ഷിച്ച് രാജ്യസേവനത്തിനെത്തുകയായിരുന്നു. കശ്മീരിലെ ചെക്-ആശ്മുജി ഗ്രാമത്തില്‍ നിന്നും വളരെ ചെറിയ പ്രായത്തിലാണ് വാനി ഭീകരസംഘടനയില്‍ അംഗമായത്. അക്രമമാര്‍ഗത്തോട് യോജിക്കാനാകാതെ വന്നപ്പോള്‍ അതുപേക്ഷിച്ച് 2004 ല്‍ സൈന്യത്തിന്റെ 162 ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ചേര്‍ന്നു. തീവ്രവാദം ഉപേക്ഷിച്ച് കീഴടങ്ങി രാജ്യസേവനത്തിന് തയ്യാറാകുന്നവര്‍ക്കൊപ്പമായിരുന്നു ആദ്യം. പിന്നീട് പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ നേരിടുന്ന രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി. .
കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നാണ് 38 വയസുകാരനായ വാനി സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള വെടിവയ്പില്‍ വീരമൃത്യു വരിച്ചത്. ഹിസ്ബുള്‍ മുജഹെദൈന്‍, ലഷ്‌കറെ തോയ്ബ ഭീകരര്‍ സൗത്ത് കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഹിരപൂര്‍ ഗ്രാമത്തില്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വാനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ലഷ്‌ക്കറെയുടെ ജില്ലാ നേതാവിനെയും മറ്റൊരു ഭീകരനേയും വകവരുത്തിയിട്ടായിരുന്നു വാനി ജീവന്‍ വെടിഞ്ഞത്. ആറ് ഭീകരരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ കരഞ്ഞില്ലെന്നും തന്റെ ഉള്ളില്‍ നിന്നുള്ള ഒരു ശബ്ദം കരയാന്‍ അനുവദിച്ചില്ലെന്നുമാണ് വാനിക്ക് അശോക ചക്ര പ്രഖ്യാപിച്ചപ്പോള്‍ ഭാര്യ പ്രതികരിച്ചത്. അധ്യാപിക എന്ന നിലയില്‍ ്നല്ല പൗരന്‍മാരെ സൃഷ്ടിക്കാനായി തന്റെ ജീവിതം മാറ്റി വയ്ക്കുകയാണെന്നും വാനിയുടെ ഭാര്യ മഹജാബീന്‍ പറഞ്ഞിരുന്നു.
തുടക്കം മുതല്‍ തന്നെ ധീരനായ സൈനികനായിരുന്നു വാനിയെന്ന് കശ്മീരിലെ സൈനികോദ്യോഗസ്ഥര്‍ അനുസ്മരിക്കുന്നു. ജീവതകാലമത്രയും ഭീഷണികള്‍ മറി കടന്ന് ജീവിച്ച ധീരനായ ആ സൈനികോദ്യോഗസ്ഥന് മരണാനന്തര ബഹുമതിയായി അശോകചക്ര സമ്മാനിക്കപ്പെടുമ്പോള്‍ ഒരു നിമിഷം രാജ്യം തലകുനിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കേണ്ടിയിരിക്കുന്നു.
Post Your Comments