NattuvarthaNews

മഡിവാള കാല്‍നട മേല്‍പാല നിര്‍മാണം നിലച്ചു

ബെംഗളൂരു: മഡിവാള സെന്റ് ജോണ്‍സ് ആശുപത്രിക്കു സമീപം ബിബിഎംപിയുടെ കാല്‍നട മേല്‍പാലത്തിന്റെ നിര്‍മാണം നിലച്ചിട്ട് മാസങ്ങളായി. വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന ഹൊസൂര്‍ റോഡില്‍ ജീവന്‍ പണയംവച്ചാണു കാല്‍നടയാത്രക്കാര്‍ റോഡ് കടക്കുന്നത്.

കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകളുടെ പ്രധാന ഓപ്പറേറ്റിങ് സെന്റര്‍ കൂടിയായ മഡിവാളയില്‍ പ്രതിദിനം ആയിരക്കണക്കിനു പേരാണ് എത്തുന്നത്. മഡിവാള മാര്‍ക്കറ്റ്, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്, കേന്ദ്രീയ സദന്‍ എന്നിവിടങ്ങളിലേക്കു വരുന്നവരാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്.സിഗ്നല്‍ ലംഘിച്ച് പാഞ്ഞുവരുന്ന വാഹനങ്ങള്‍ ഇടിച്ചു കാല്‍നടയാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവാണ്.

സെന്റ് ജോണ്‍സ് ആശുപത്രിക്കു സമീപം മേല്‍പാലത്തിനുള്ള തൂണുകള്‍ സ്ഥാപിച്ചെങ്കിലും പിന്നീട് നിര്‍മാണം നിലക്കുകയായിരുന്നു. കരാറുകാര്‍ കാലതാമസം വരുത്തുന്നുവെന്നാണു ബിബിഎംപി പൊതുമരാമത്ത് വിഭാഗം പറയുന്നത്.

shortlink

Post Your Comments


Back to top button