കാസര്‍ഗോഡ് : ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനമാചരിച്ചു. സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് പോലും ഒഴിവാക്കപ്പെടാതെ കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ഇപ്രാവശ്യം രണ്ട് ശതമാനം വര്‍ദ്ധന ഉണ്ടാക്കാന്‍ സാധിച്ചതില്‍ ഉദ്യോഗസ്ഥര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും കുറ്റമറ്റരീതിയില്‍ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ ആഘോഷമായ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പൂര്‍ണാര്‍ത്ഥത്തില്‍ അണിചേരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കളക്ടര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാര്‍ത്ഥികളും കളക്ടറേറ്റ് ജീവനക്കാരുമടക്കമുള്ള സദസ്സ് ഏറ്റുചൊല്ലി. ഇന്ത്യന്‍ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന 83 കോടി ജനങ്ങളെ തെരഞ്ഞെടുപ്പ് ബൂത്തുകളലേക്കെത്തിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ മഹായജ്ഞത്തെ കുറിച്ച് അധ്യക്ഷത വഹിച്ച എ ഡി എം: എന്‍ ദേവിദാസ് വിശദീകരിച്ചു. രണ്ടര കോടിയോളം വരുന്ന ഉദ്യോഗസ്ഥര്‍ രണ്ട് മാസത്തോളം പ്രയത്‌നിച്ചാണ് വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്. ബഹുസ്വരത മുഖമുദ്രയായ ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യം പുലരുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് രീതി ലോകത്തിന് തന്നെ അദ്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും 2004 ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റന്‍ ഇഗ്നേഷ്യസ് സില്‍വസ്റ്റര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ദേശീയ വോട്ടര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഇഗ്നേഷ്യസ് സില്‍വസ്റ്റര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് (ഇലക്ഷന്‍) എസ് ഗോവിന്ദന്‍, കളക്ടറേറ്റ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments