ഹീര ഗ്രൂപ്പിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യവുമായി നിക്ഷേപകര്‍. ലാഭവിഹിതം വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് ഹീര ഗ്രൂപ്പ് അന്വേഷണം നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ നിലവിലുള്ള ഹീര ഗ്രൂപ്പിനെതിരെയുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് തട്ടിപ്പിന് ഇരയായവരുടെ പരാതി.
ഹീര ഗ്രൂപ്പ് ഉടമ നൗഹീറ ഷെയ്ഖിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയായവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഹീര ഗ്രൂപ്പ് ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തത്. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. 17 പേര്‍ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇത് പ്രകാരം 2 കോടി 42 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് പുറത്ത് വന്നതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്തെത്തി. ഇതിന് പുറമെ 525 ഇടപാടുകാരില്‍ നിന്നായി 25 കോടി രൂപ നിക്ഷേപം സ്വീകരിച്ചെന്ന് ഹീര ഗ്രൂപ്പിന്റെ കോഴിക്കോട്ടെ മാനേജര്‍ മുഹമ്മദ് ഉമര്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പിയേയും കാണാനും പരാതിക്കാരുടെ കൂട്ടായ്മ തീരുമാനിച്ചു.
Post Your Comments