Latest NewsKerala

ആൻലിയയുടെ മരണം ; പ്രതികരണവുമായി ഭര്‍ത്താവ് ജസ്റ്റിന്‍

കോട്ടയം:  നഴ്സ് ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവായ ജസ്റ്റിന്‍ പ്രതികരിച്ചു. തനിക്ക് ആന്‍ലിയയെ വലിയ ഇഷ്ടമായിരുന്നെന്നാണ് ജസ്റ്റിന്‍ വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ തൃശൂർ അന്നകര സ്വദേശിയുമായ ജസ്റ്റിൻ നവമാധ്യമത്തിലൂടെ ഈ വിഷയത്തില്‍ പ്രതികരിച്ചു. ആൻലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ജസ്റ്റിന്‍ പറയുന്നത്.

ജസ്റ്റിന്‍റെ വിശദീകരണം  –

2016 ഡിസംബർ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോൾ എന്‍റെ കൂടെ വീട്ടിലാണ്. ആൻലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എനിക്കെതിരെ ഉയർത്തുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മർദ്ദവും കൊണ്ടാണ് അവർ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാൻ വിചാരിച്ചിരുന്നത്. ആരോപണങ്ങൾ തുടരുകയും എനിക്കും എന്‍റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാൻ നിർബന്ധിതനായിരിക്കുന്നത്.

കോടതി വഴി നീതി ലഭിക്കാൻ വർഷങ്ങൾ എടുക്കും. എന്നാൽ എനിക്കും കുഞ്ഞിനും വീട്ടുകാർക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആൻലിയയുടെ സ്വർണം ചോദിച്ച് ഞാൻ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങൾക്കുശേഷം ബാങ്കിലെ ലോക്കറിൽ വച്ച സ്വർണം ഇതുവരെ അവിടെ നിന്ന് ഞാൻ എടുത്തിട്ടില്ല. ലോക്കർ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. ആൻലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങൾ തമ്മിൽ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്‍റെ കൈവശമുണ്ട്. കാണാതായ ദിവസം ആൻലിയ വിളിച്ച്, ഞാൻ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.

https://www.facebook.com/hygenous.parakkal/videos/1379521318852070/

പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആൻലിയയിൽ,വിവാഹത്തിന് കുറച്ച് നാളുകൾക്കുശേഷം ചെറിയ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു വർഷം മുന്പ് തന്നെ ആൻലിയയുടെ ചില ഡയറിക്കുറിപ്പുകൾ ഞാനും എന്‍റെ പപ്പയും കണ്ടിരുന്നു. അതിൽ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആൻലിയയുടെ പപ്പയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഡയറി എഴുതുന്ന ആളാണെങ്കിൽ വിവാഹത്തിനും മുന്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവർ കാണിക്കുന്നുമില്ല.<br> <br> ഞാൻ ആൻലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കിൽ ഇതെന്തുകൊണ്ട് ആൻലിയ മരിക്കുന്നതിന് മുന്പ് അവർ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആൻലിയ മരിച്ചതിനുശേഷമാണ് അവർ ഉയർത്തുന്നത്.

നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആൻലിയയുടെ ശവസംസ്കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികൻ അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങിൽ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്. ആൻലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാൻ വേണ്ടിയാണ് അവളെ ബംഗളൂരുവിൽ എംഎസ് സി നഴ്സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാർ ആരോപിക്കുന്നതുപോലെ നിർബന്ധിച്ച് അയച്ചതല്ല. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ അവരുടെ സ്നേഹവും വാത്സല്യവും ലഭിക്കാതെ വളർന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആൻലിയ എപ്പോഴും പറഞ്ഞിരുന്നു. ആൻലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഡിവോഴ്സിന് ശ്രമിച്ചില്ല എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എനിക്ക് ആൻലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങൾക്ക് കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിച്ചത്. എന്തൊക്കെ സംഭവിച്ചാലും തന്‍റെ ഭാഗം ന്യായീകരിക്കാൻ മതിയായ തെളിവുകളുള്ളതിനാൽ പതറാതെ മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിൻ വിശദീകരണം അവസാനിപ്പിക്കുന്നത്.

സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവർക്ക് ആൻലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിൻ ഓർമിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ഒട്ടേറെ ആരോപണങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു വന്നതോടെയാണ് ജസ്റ്റിന്‍റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായ ആൻലിയയുടെ മൃതദേഹം മൂന്ന് ദിവസങ്ങൾക്കുശേഷം ആലുവയ്ക്കടുത്ത് പെരിയാറിൽ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂർ ലോക്കൽ പോലീസിന്‍റെ നടപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് (അജി പാറയ്ക്കൽ) മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button