KeralaLatest NewsNews

വേഗതയെ പ്രണയിച്ചവനെ മരണം വിളിച്ചപ്പോള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകി എബി യാത്രയായി

അമിതവേഗമായിരുന്നില്ല ഇവിടെ വില്ലന്‍, പൊട്ടിക്കിടന്ന കേബിളായിരുന്നു

വേഗത്തെ പ്രണയിച്ച എബിയെത്തേടി മരണമെത്തിയത് ബൈക്കപകടത്തിന്റെ രൂപത്തിലായിരുന്നു. എന്നാല്‍ മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവനേകിയാണ് എബി യാത്രയായത്. അമിതവേഗമായിരുന്നില്ല ഇവിടെ വില്ലന്‍, പൊട്ടിക്കിടന്ന കേബിളായിരുന്നു. പാറോട്ടുകോണത്തുവച്ച് ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കവേ പൊട്ടിക്കിടന്ന കേബിളില്‍ ബൈക്കോടിച്ചിരുന്ന കൂട്ടുകാരന്റെ ഹെല്‍മറ്റ് കുരുങ്ങിയാണ് അപകടമുണ്ടായത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചയുടന്‍ മാതാപിതാക്കളായ അശോകനും ശ്രീദേവിയും അവയവദാനത്തിനുള്ള ആഗ്രഹം ആശുപത്രി അധികൃതരെ അങ്ങോട്ട് അറിയിക്കുകയായിരുന്നു. ഏകമകന്റെ വിയോഗത്തില്‍ നുറുങ്ങുമ്പോഴാണ് ഈ മാതാപിതാക്കളുടെ മാതൃകാപരമായ തീരുമാനം. വ്യാഴാഴ്ചയുണ്ടായ ബൈക്കപകടേത്തുടര്‍ന്നാണ് ഇന്നലെയാണ് എബി മരണത്തിനു കീഴടങ്ങിയത്. എന്‍ജിനീറിങ് ബിരുദധാരിയായ എബി മികച്ച ബൈക്ക്‌റൈഡര്‍ കൂടിയായിരുന്നു.

അവയവദാനത്തേക്കുറിച്ചുള്ള അബദ്ധധാരണകള്‍ പെരുകുമ്പോള്‍ ഈ ദാനം ഇനിയൊരുപാടുപേര്‍ക്ക് പ്രചോദനമാകണമെന്നാണ് ഇവരുടെ ആഗ്രഹം. വൃക്കകളിലൊന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും കണ്ണുകള്‍ കണ്ണാശുപത്രിയിലേയും ബാക്കി അവയവങ്ങള്‍ സ്വകാര്യ ആശുപത്രികളിലേയും രോഗികള്‍ക്ക് പുതുജീവനേകും. സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനി വഴി ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ അവയവദാനമാണിത്. മരിച്ചാലും അഞ്ചു പേരിലൂടെ എബി ഇനിയും ജീവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button