KeralaLatest News

ദേശീയപാത വികസനം സമയബന്ധിതമായി യാഥാർഥ്യമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

കരമന-കളിയിക്കാവിള പാത: പ്രാവച്ചമ്പലം-കൊടിനട റീച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം : ദേശീയപാത വികസനം സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവളം-ബേക്കൽ ജലപാത അടുത്തവർഷം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള റീച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുപോകാത്ത അവസ്ഥയിൽനിന്ന് മാറ്റി 45 മീറ്റർ വീതിയിൽ പാതവികസനം യാഥാർഥ്യമാക്കാനുള്ള നടപടികളുമായാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. സ്ഥലമെടുപ്പ് ഏറെക്കുറേ പൂർത്തിയായി. സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിച്ച് കാസർകോട്ടെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ചുകളുടെ ടെണ്ടർ നടപടികളിലാണിപ്പോൾ. ദേശീയപാതയ്ക്ക് പുറമേ, ഗതാഗതപ്രശ്‌നങ്ങൾ പരിഹാരമുണ്ടാക്കാനാണ് മലയോര, തീരദേശ ഹൈവേകൾ കൂടി വേണം എന്ന് തീരുമാനിച്ചത്. ഇതിനാവശ്യമായ 10,000 കോടി രൂപ പൂർണമായി സംസ്ഥാനസർക്കാർ ചെലവഴിക്കും. സമയബന്ധിതമായി ഈ ഹൈവേകളും പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.

കാലങ്ങളായി കേൾക്കുന്ന കോവളം മുതൽ കാസർകോട് ബേക്കൽ വരെയുള്ള ജലപാത യാഥാർഥ്യമാകില്ലെന്നാണ് ജനങ്ങൾ കരുതിയത്. ഇതാണ് പൂർത്തികരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുനീങ്ങിയിരിക്കുന്നത്. കേരളത്തിലെത്തുന്ന ഏതൊരു വിനോദസഞ്ചാരികൾക്കും ഏറെ ആകർഷകമായിരിക്കും ഈ ജലപാതയിലൂടെയുള്ള യാത്ര. ഈ പാതയിൽ ഓരോ 25 കിലോമീറ്ററിലും ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഇറങ്ങാനും കാഴ്ചകൾ ആസ്വദിക്കാനും നാടൻ ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. റെയിൽവേ സൗകര്യം വികസിപ്പിക്കാൻ സെമി ഹൈസ്പീഡ് റെയിൽ നിലവിലുള്ള റെയിൽപാതയ്ക്ക് സമാന്തരമായി ഇടാനാണ് ശ്രമിക്കുന്നത്. ഇതിനായി കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷൻ രൂപീകരിച്ച് പ്രാരംഭഘട്ടത്തിലാണ്.

വിമാനയാത്രാ സൗകര്യം കൂട്ടുന്നതിന്റെ ഭാഗമായി നാലാമത് വിമാനത്താവളം കണ്ണൂരിൽ യാഥാർഥ്യമായിട്ടുണ്ട്. ഇതിനുപുറമേ, ശബരിമല വിമാനത്താവളം ഒരുക്കാനുള്ള നടപടികൾ പ്രാരംഭഘട്ടത്തിയാണ്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ ഏറ്റവും നല്ല സൗകര്യം ഒരുക്കാനായതായത്. ശബരിമലയെ തിരുപ്പതി മാതൃകയിൽ ഏറ്റവും നല്ല തീർഥാടനകേന്ദ്രമായി ഉയർത്തുന്നതിന്റെ കൂടി ഭാഗമാണ് വിമാനത്താവളം ആരംഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രനീക്കം. വിമാനത്താവളം സംസ്ഥാനത്തിന് നടത്തിപ്പിന് ലഭിക്കാൻ ലേലപ്രക്രിയയിൽ സർക്കാർ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button