KeralaNews

ചെലവ് കുറഞ്ഞ ഇന്ധന പദ്ധതി തലസ്ഥാനത്ത്

തിരുവനന്തപുരം: ചെലവും അപകടസാധ്യതയും കുറഞ്ഞ പ്രകൃതിവാതകം. അതും നേരിട്ട് പൈപ്പ് മാര്‍ഗം അടുക്കളയിലേക്ക്. തലസ്ഥാനത്തിന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡി (പിഎന്‍ജിആര്‍ബി)ന്റെ വക സന്തോഷവാര്‍ത്ത. തലസ്ഥാന ജില്ലയും സിറ്റി ഗ്യാസ് പദ്ധതിയുടെ പത്താം ഘട്ടത്തിന്റെ ഭാഗമാകുമെന്ന് പിഎന്‍ജിആര്‍ബി അറിയിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളെയും പത്താംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു.

ഫെബ്രുവരി അഞ്ചിനകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ലൈസന്‍സ് ലഭിക്കുന്ന കമ്പനി രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ 20 ശതമാനം പൂര്‍ത്തിയാക്കണം. എട്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് ജില്ലയിലും പദ്ധതി പൂര്‍ത്തീകരിക്കാനാകും എന്നാണ് കണക്കാക്കുന്നത്.
കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലില്‍നിന്നാണ് തിരുവനന്തപുരത്തേക്ക് പ്രകൃതിവാതകം എത്തിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണവും അനുമതിയും പദ്ധതി നടത്തിപ്പിന് അത്യാവശ്യമാണ്.

ഒമ്പത് ഘട്ടങ്ങളിലായി രാജ്യത്തെ 86 മേഖലകളില്‍ പുരോഗമിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ കൊച്ചി– കുട്ടനാട്– മംഗളൂരു പൈപ്പ്ലൈനിന്റെ കമിഷനിങ് മൂന്ന് മാസത്തിനകം നടത്തും. പത്താം ഘട്ടത്തില്‍ പദ്ധതി മൂന്ന് ജില്ലകളില്‍ കൂടി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ 76ശതമാനം ഭൂപ്രദേശത്തേക്കും പദ്ധതി വ്യാപിപ്പിക്കാനാകും. അതോടെ സംസ്ഥാനത്തെ 87 ശതമാനം ജനങ്ങള്‍ക്കും പദ്ധതി സേവനം ലഭ്യാമാകുമെന്ന് പിഎന്‍ജിആര്‍ബി അറിയിച്ചു. എല്‍പിജിയേക്കാള്‍ 30 ശതമാനം വിലക്കുറവുള്ള പ്രകൃതിവാതകം ഗാര്‍ഹിക, വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. അന്തരീക്ഷ വായുവിനേക്കാള്‍ ഭാരം കുറവുള്ള പ്രകതിവാതകം ചോര്‍ന്നാലും തങ്ങിനില്‍ക്കില്ല എന്നതിനാല്‍ തീപിടുത്ത സാധ്യതയും കുറവാണ്.

shortlink

Post Your Comments


Back to top button