തമിഴകത്തിന്റെ അമ്മ എങ്ങിനെ ഏകാധിപതിയായി മാറി. ഈ മാറ്റത്തിന് വര്‍ഷങ്ങളുടെ മുന്‍പത്തെ ഒരു പ്രതികാരത്തിന്റെ കഥ തന്നെയുണ്ട്. കുടുംബിനിയായി കഴിയണമെന്ന തന്റെ അതിയായ മോഹം മനസിലൊളിപ്പിച്ച് ആരെയും പഴി പറയാതെ അവര്‍ ജീവിതം ഹോമിച്ചു എന്നു തന്നെ പറയാം.. പ്രണയത്തിനു വേണ്ടി ഒരു ത്യാഗം. പക്ഷേ അത് ഫലവത്താക്കാനും അവര്‍ക്ക് കഴിയാതെ വന്നു. എങ്കിലും അവര്‍ എം.ജി.ആറിന്റെ പ്രണയഭാജനമായി തന്നെ മരണം വരെ തുടര്‍ന്നു. അവരുടെ പ്രണയ ത്യാഗത്തിന്റെ കഥ ഇങ്ങനെ …
എംജിആറിന്റെ ‘അമ്മു’വായിരുന്നു ജയലളിത. വിവാഹിതനാണെങ്കിലും 31 വയസ്സിനു മൂത്തതാണെങ്കിലും തന്നെയും അണ്ണന്‍ ജീവിതത്തിലേക്കു കൂട്ടുമെന്ന് ‘അമ്മു’ കരുതി. യാത്രകളിലെല്ലാം ഒപ്പം കൂട്ടിയതും മറ്റുള്ളവരുടെ എതിര്‍പ്പ് അവഗണിച്ച് ഏറെ സ്‌നേഹം കാട്ടിയതുമെല്ലാം തന്നെ സ്വന്തമായി കണ്ടതുകൊണ്ടാണെന്നും വിശ്വസിച്ചു. എന്നാല്‍, വിവാഹത്തിനായി ജയ പലവട്ടം ഒരുങ്ങിയെങ്കിലും തലൈവര്‍ ഒഴിഞ്ഞുമാറിയെന്ന് ‘അമ്മ’ എന്ന ജീവചരിത്രപുസ്തകത്തില്‍ എഴുത്തുകാരി വാസന്തി ചൂണ്ടിക്കാട്ടുന്നു. കുടുംബിനിയായി ജീവിക്കുകയായിരുന്നു ജയയുടെ ഏറ്റവും വലിയ സ്വപ്‌നം.
എംജിആറിന്റെ ഇദയക്കനിയായി തിളങ്ങുന്നതിനിടെയായിരുന്നു 1970ലെ അപ്രതീക്ഷിത പിണക്കം. ആ അകല്‍ച്ച നീണ്ടത് 10 വര്‍ഷത്തോളം. മറ്റു നടിമാരെ എംജിആര്‍ നായികമാരാക്കിയപ്പോള്‍, ജയ തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായി അടുത്തു. അവരുടെ വിവാഹചിത്രങ്ങളുടെ ആല്‍ബം കണ്ടെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. എന്നാല്‍, മറ്റാരും അതു സ്ഥിരീകരിക്കുന്നില്ല. പിന്നീടു കേട്ടത് ആ ബന്ധവും മുറിഞ്ഞെന്ന വാര്‍ത്ത.
അതിനിടെ, എംജിആര്‍ 1977ല്‍ മുഖ്യമന്ത്രിയായി. നാലു വര്‍ഷത്തിനു ശേഷം ജയയെ അദ്ദേഹം ഫോണില്‍ വിളിച്ചു, അണ്ണാ ഡിഎംകെയില്‍ ചേരണമെന്നതായിരുന്നു ആവശ്യം. പ്രതിപക്ഷത്തു കരുണാനിധിയുടെ വാക്ചാതുര്യം ജനക്കൂട്ടത്തെ ആകര്‍ഷിക്കുമ്പോള്‍, തന്റെ ഭാഗത്ത് ആരാധകരെ പിടിച്ചിരുത്തുന്ന താരറാണി തന്നെ വേണമെന്നു തലൈവര്‍ കരുതി. മിന്നല്‍വേഗത്തിലായിരുന്നു പിന്നെ പാര്‍ട്ടിയില്‍ ജയയുടെ വളര്‍ച്ച. അതു ചിലനേതാക്കളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.
ഇദയക്കനി കൂടുതല്‍ ജനപ്രിയ ആയതോടെ അവര്‍ നേതൃത്വത്തെ വകവയ്ക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. അത് എംജിആറിനെ വിശ്വസിപ്പിക്കുകയും ചെയ്തു. അതിനിടെ, തമിഴ് മാസികയില്‍ എഴുതിക്കൊണ്ടിരുന്ന ആത്മകഥ എംജിആറിന്റെ ഇടപെടലില്‍ ജയയ്ക്കു നിര്‍ത്തേണ്ടി വന്നു. അസ്വാരസ്യങ്ങള്‍ പലതായതോടെ വീണ്ടും അകല്‍ച്ച.
എം.ജി.ആര്‍ 1984ല്‍ യു.എസില്‍ ചികിത്സയ്ക്കു പോയതു പോലും ജയ അറിഞ്ഞില്ല. അതിനു മുന്‍പ് അപ്പോളോ ആശുപത്രിയില്‍ കിടന്നപ്പോഴും ജയയ്ക്കു കാണാനായില്ല. എങ്ങനെയെങ്കിലും അണ്ണനെ കാണാന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് അവര്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു കത്തെഴുതുക വരെ ചെയ്തു. യു.എസില്‍ വൃക്കമാറ്റിവയ്ക്കലിനു ശേഷം അടുത്തവര്‍ഷം മടങ്ങിവന്നിട്ടും ജയയോട് അണ്ണനു മൗനം. എംജിആറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ജയയെ നേതാക്കളില്‍ ചിലര്‍ ചേര്‍ന്നു വിഐപി റൂമില്‍ പൂട്ടിയിട്ടു.
തലൈവര്‍ യുഎസിലായിരിക്കെ തന്നെ ഇടക്കാല മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും ജയ കത്തെഴുതിയെന്നു വാര്‍ത്ത വന്നിരുന്നു. അതാണു പിണക്കത്തിനു കാരണമെന്നു വ്യാഖാനിക്കപ്പെട്ടു. അകല്‍ച്ചയുടെ കാരണം അന്വേഷിച്ച് ജയ എംജിആറിന് എഴുതിയ കത്തുകളാകട്ടെ ചോരുകയും ചെയ്തു.
പിന്നാലെ ജയയ്ക്ക് എല്ലാ പാര്‍ട്ടി പദവികളും നഷ്ടമായി. 1986ല്‍ അണ്ണാ ഡിഎംകെയ്ക്കുള്ളില്‍ ജയലളിത പേരവൈ (കോണ്‍ഫറന്‍സ്) രൂപം കൊണ്ടു. തന്റെ അറിവോടെയല്ലെന്നു ജയ പറഞ്ഞെങ്കിലും പിണക്കം ശക്തമായി. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന സൂചന കിട്ടിയ ജയ, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ടു തങ്ങള്‍ക്കാണു കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയെന്ന് അറിയിച്ചു. ഈ വിവരം എംജിആറിന്റെ ചെവിയിലെത്തിയതാകട്ടെ, ജയ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന മട്ടിലും. അതു താങ്ങാന്‍ പറ്റാത്തതിനാല്‍ അദ്ദേഹം ജയയെ വീണ്ടും ചേര്‍ത്തുപിടിച്ചു. സ്ഥാനങ്ങളെല്ലാം തിരികെ നല്‍കുകയും ചെയ്തു.
”എന്റെ ജീവിതത്തിന്റെ ആദ്യകാലം മുഴുവന്‍ അമ്മയുടെ ആധിപത്യമായിരുന്നു, പിന്നീട് എംജിആറിന്റെയും. അവരുടെ മേല്‍ക്കോയ്മയ്ക്കു കീഴില്‍ എനിക്ക് എന്റേതായ ലോകം ഉണ്ടായിരുന്നില്ല,” ജയ ഒരിക്കല്‍ പറഞ്ഞു. അമ്മയുടെ മരണ ശേഷം ജയയുടെ ഓരോ ചലനവും എംജിആറിന്റെ നിയന്ത്രണത്തിലായിരുന്നെന്ന് അവരുടെ പിആര്‍ഒ ആയിരുന്ന ഫിലിംന്യൂസ് ആനന്ദന്‍ പറഞ്ഞിട്ടുണ്ട്. പ്രതിഫലം പോലും വാങ്ങിയിരുന്നത് എംജിആര്‍ ആയിരുന്നു. പണത്തിനു വേണ്ടി പലപ്പോഴും ജയയ്ക്ക് ‘അണ്ണന്റെ’ നല്ലനേരം നോക്കണമായിരുന്നത്രേ. എല്ലാ സ്വാതന്ത്ര്യവും നഷ്ടമായപ്പോഴും എംജിആറുമായുള്ള ബന്ധം നിയമപരമാക്കണമെന്നും താന്‍ കേള്‍ക്കേണ്ടിവന്ന ദുഷ്‌പേരുകളില്‍ നിന്നു മോചനമുണ്ടാകണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു.
ജയലളിത അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അതേസമയം തനിക്കു നല്ല ഒരു ജീവിതം നിഷേധിച്ചതില്‍ വെറുക്കുകയും തന്നെ ഉപയോഗപ്പെടുത്തുകയാണെന്നു പരിഭവിക്കുകയും ചെയ്ത പുരട്ചി തലൈവര്‍ 1987ല്‍ യാത്രയായി; പുരട്ചി തലൈവി അവിവാഹിതയായി ജീവിതം തുടര്‍ന്നു…മരണം വരെയും
Post Your Comments