ബംഗളുരു: മാധ്യമങ്ങളെ തീവ്രവാദികളോട് ഉപമിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. മാധ്യമങ്ങള്‍ അര്‍ദ്ധ സത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. മാധ്യമ വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയിലാണ് ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളുമായി ഉപമിച്ചത്. ആര്‍ക്കും വിരോധം തോന്നരുതെന്നും തീവ്രവാദികള്‍ ഒരു ബുള്ളറ്റ് കൊണ്ട് കൊല നടത്തുന്നവരാണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇഞ്ചിഞ്ചായി കൊല്ലുന്നവരാണെന്ന് ഖാര്‍ഗെ പറഞ്ഞു.
മാധ്യമങ്ങള്‍ ഒന്നും പൂര്‍ണാമായി ശ്രദ്ധിക്കാതെ അര്‍ദ്ധ സത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത് ബ്രേക്കിംഗ് ന്യൂസിന്റെ കാലഘട്ടമാണ്. ടി.ആര്‍.പിയുടെ ഈ കാലഘട്ടത്തില്‍ അര്‍ദ്ധ സത്യങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്. അര്‍ദ്ധ സത്യങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. കേട്ട വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കാന്‍ ആരും മെനക്കെടുന്നില്ല. താനും മാധ്യമ റിപ്പോര്‍ട്ടുകളുടെ ഇരയാണെന്നും ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍ പ്രസ്താവന വിവാദമായതോടെ മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളോട് ഉപമിച്ചിട്ടില്ലെന്നും സത്യത്തോടൊപ്പം നില്‍ക്കണമെന്ന് മാധ്യമ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഖാര്‍ഗെ വിശദീകരിച്ചു. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ കര്‍ണാടകയിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ്.
Post Your Comments