ന്യൂഡല്‍ഹി: സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ എ.ഐ.സി.സി.യില്‍ കരുത്തനായി കെ.സി. വേണുഗോപാല്‍. ഈ ചുമതലയില്‍ നിയമിക്കപ്പെടുന്ന ആദ്യമലയാളിയാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ സംഘടനാരീതിയനുസരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കഴിഞ്ഞാല്‍ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ രണ്ടാമനാണ് സംഘടനാ ജനറല്‍ സെക്രട്ടറി.
സംഘടനാതലത്തിലുള്ള നിയമനങ്ങളും അച്ചടക്കനടപടി ഉള്‍പ്പെടെയുള്ള തീരുമാനങ്ങളൊക്കെ കൈക്കൊള്ളുന്നതും അതു സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നതുമൊക്കെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടി അധ്യക്ഷനുമായി കൂടിയാലോചിച്ചു നയപരമായ വിഷയങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുകയാണ് ദൗത്യം. പി.സി.സി.കളുടെയും മറ്റും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള പദവി കൂടിയാണ് സംഘടനാ ജനറല്‍ സെക്രട്ടറി.
ചുമതല ലഭിച്ചതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ടെന്നു കെ.സി. വേണുഗോപാല്‍ മാതൃഭൂമിയോടു പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കും. അദ്ദേഹം ആഗ്രഹിക്കുന്ന നിലയില്‍ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോവാന്‍ പരിശ്രമിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയധ്യക്ഷനാണ് തീരുമാനമെടുക്കേണ്ടത്-വേണുഗോപാല്‍ പറഞ്ഞു.
നിലവില്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാണ് കെ.സി. വേണുഗോപാല്‍. സഭയിലെ ഇടപെടലുകളും കര്‍ണാടകത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവും പുതിയ സ്ഥാനലബ്ധിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍. കര്‍ണാടകത്തില്‍ ബി.ജെ.പി.യെ ഭരണത്തില്‍ നിന്നകറ്റാനും ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കുന്നതിലുമൊക്കെ വേണുഗോപാലിന്റെ ഇടപെടലുകള്‍ പാര്‍ട്ടിക്കു ഗുണകരമായി. ഏറ്റവുമൊടുവില്‍ കുതിരക്കച്ചവടനീക്കം നടന്നപ്പോള്‍ കര്‍ണാടകയില്‍ പാഞ്ഞെത്തി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള അണിയറനീക്കങ്ങളില്‍ പങ്കാളിയായി.
രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയെ ഉലച്ചപ്പോള്‍ മധ്യസ്ഥനെന്ന നിലയില്‍ വേണുഗോപാലിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ രാഹുലിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച നേതാവെന്ന നിലയ്ക്കുകൂടിയാണ് ഇപ്പോഴത്തെ പദവിയെ രാഷ്ട്രീയകേന്ദ്രങ്ങള്‍ കാണുന്നത്.
Post Your Comments