കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ വിചാരണ ഫെബ്രുവരി നാലിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ക്ക് ഹാജരാകാന്‍ സമന്‍സ് നല്‍കാനും കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജിന്റെ പിന്‍ഗേറ്റിനുസമീപം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്. കേസില്‍ ജെ ഐ മുഹമ്മദ് (25), ആരിഫ് ബിന്‍ സലിം (25), റിയാസ് ഹുസൈന്‍ (37), ബിലാല്‍ സജി (18), ഫറൂഖ് അമാനി (19), റെജീബ് ( 25), അബ്ദുള്‍ നാസര്‍ (24), ആദില്‍ ബിന്‍ സലീം (23), വി എന്‍ ഷിഫാ (23), സഹല്‍ (18), ജിസല്‍ റസാഖ് (21), മുഹമ്മദ് ഷാഹിം (31), സനീഷ് (32), ഫസലു (20), തന്‍സില്‍ (25), ഷാഹിദ് (26) എന്നീ 16 പ്രതികള്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലക്കുറ്റം, വധശ്രമം, അന്യായമായ സംഘംചേരല്‍, ഗൂഢാലോചന, മാരകായുധങ്ങളുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്നീടാകും ഉണ്ടാകുക.
Post Your Comments