ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന മൂന്നു ഭക്തരെ തെരുവുനായ്ക്കള്‍ കടിച്ചു. തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹിയില്‍ ആത്മീയപ്രവര്‍ത്തകനായ മുരളി കൃപദാസ് (23), പാലക്കാട് കൊഴിഞ്ഞാമ്പാറ മൂകമട വീട്ടില്‍ നാരായണന്‍ (45) എന്നിവര്‍ക്കാണ് കടിയേറ്റത്.
മൂന്നുപേരും വിവിധ ആശുപത്രികളില്‍നിന്ന് മുറിവുകള്‍ കെട്ടി വിശ്രമിച്ചശേഷം നാട്ടിലേക്ക് മടങ്ങി. സുനിതയുടെ പിറന്നാളായിരുന്നു തിങ്കളാഴ്ച. ഭര്‍ത്താവ് മോഹന്‍ദാസും മക്കളായ അനുരാഗ്, ശ്രീരാഗ് എന്നിവര്‍ക്കുമൊപ്പമാണ് ഗുരുവായൂരില്‍ എത്തിയത്. രാവിലെ ക്ഷേത്രക്കുളത്തില്‍ കാല്‍കഴുകി ക്ഷേത്രത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടയിലാണ് നായ കടിച്ചത്. ഇടതുകാലിനായിരുന്നു കടിയേറ്റത്.
രക്തം ഒലിച്ച് വേദനയില്‍ പുളഞ്ഞ സുനിതയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആ സമയം ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഏറെനേരം കാത്തുനിന്നാണ് ആംബുലന്‍സ് എത്തിയത്. ദേവസ്വം ആശുപത്രിയിലേക്കാണ് ആദ്യം പോയത്. കാലിന്റെ എല്ലിന് കേടുപറ്റിയിട്ടുണ്ടെന്ന് പറഞ്ഞു.
ഹരേരാമ പ്രസ്ഥാനത്തോടൊപ്പം ഗുരുവായൂരിലെത്തിയതായിരുന്നു മുരളി കൃപദാസ്. ക്ഷേത്രത്തിലേക്ക് പോകാന്‍വേണ്ടി കിഴക്കേ നടപ്പുരയില്‍ നില്‍ക്കുമ്പോഴാണ് കാലിന് കടിയേറ്റത്. നാരായണന്റെ കാലിന്റെ മടമ്പ് കടിച്ചുകീറി.
ക്ഷേത്രനടപ്പുരയില്‍ മാസങ്ങളോളമായി തെരുവുനായ്ക്കൂട്ടങ്ങള്‍ ഭക്തരുടെ സമാധാനം കെടുത്തുകയാണ്. വരിനില്‍ക്കുന്ന ഭാഗത്ത് അവ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
Post Your Comments