ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന അവശ്യമരുന്നുകളെ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു. നീതി ആയോഗിനാണ് ഇനിമുതല്‍ മരുന്നുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരമുള്ളത്. ഏഴംഗ സമിതിയെയും സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചു. നീതി ആയോഗിന്റെ ആരോഗ്യ വിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവന വിഭാഗം ഡയറക്ടര്‍ ജനറല്‍, ബയോ മെഡിക്കല്‍ രംഗത്തെ വിദഗ്ധന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ദേശീയ ഔഷധ വിലനിര്‍ണയ സമിതിയാണ് ഇതുവരെ ഇക്കാര്യം നിശ്ചയിച്ച് വന്നിരുന്നത്.
വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത പേസ് മേക്കര്‍ ഉള്‍പ്പടെ 400 ഓളം മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറയ്ക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സിടി , എംആര്‍ഐ സ്‌കാനിങ് മെഷീനുകള്‍, അസ്ഥിക്ക് ഉപയോഗിക്കുന്ന കൃത്രിമഘടകങ്ങള്‍, കൃത്രിമ ഇടുപ്പെല്ല് തുടങ്ങിയ ഉപകരണങ്ങള്‍ക്കും വില കുറയാന്‍ സാധ്യതയുണ്ട്.
വില കുറയ്ക്കുന്നതിനൊപ്പം ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമത്തില്‍ ഭേദഗതി വരുത്താനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
Post Your Comments