മണ്ണുംപേട്ട : തെക്കേക്കരയില്‍ അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തീയണയ്ക്കാന്‍ വന്ന നാട്ടുകാരായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. സമീപവാസികളായ കുറൂവീട്ടില് ജോയിക്കും, കൂപ്ലിക്കാടന്‍ അരവിന്ദാക്ഷനുമാണ് പൊള്ളലേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ആറോടെയാണ് സംഭവം. തെക്കേക്കര ചീനാത്ത് മണിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് തീപടര്‍ന്നത്. മണിയുടെ ഭാര്യ സുഷിത സ്റ്റൗ കത്തിക്കുന്നതിനിടെ ഗ്യാസ് ചോരുന്ന ശബ്ദം കേട്ടു. പെട്ടെന്നുതന്നെ തീ ആളിപ്പടരുന്നത് കണ്ട് യുവതിയും രണ്ട് മക്കളും ഭര്‍ത്താവ് മണിയും പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തീപിടിത്തത്തില്‍ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. തീയണച്ച് സിലിണ്ടര്‍ പുറത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് സമീപ വാസികളായ രണ്ട് പേര്‍ക്ക് പൊള്ളലേറ്റത്. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments