തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് സികെ ഉണ്ണി. മരണ സമയത്ത് കാറോടിച്ചിരുന്ന അര്‍ജ്ജുന്‍റെ പശ്ചാത്തലം അന്വേഷിക്കണമെന്ന് ഉണ്ണി വ്യക്തമാക്കി. ബാലുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കപ്പെട്ട പാലക്കാട് റിസോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .പാലക്കാട്ടെ ആയുർവേദ ഡോക്ടറും കുടുംബവുമായി ബാലഭാസ്കറിന് അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു.
ഇതിൽ ദുരൂഹതയുണ്ടെന്നും ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. റിസോര്‍ട്ടും ബാലുവിന്‍റെ മരണം തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കി ചില വെളിപ്പെടുത്തലുകളും ഉണ്ണി നടത്തി. വാഹനം ഓടിച്ചത് ബാലുവിന്‍റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ബാലു തന്നെയാണ് അപകട സമയത്ത് വാഹനം ഓടിച്ചതെന്ന് പിന്നീട് അര്‍ജ്ജുനും മറ്റ് ദൃക്സാക്ഷികളും വെളിപ്പെടുത്തി.
കൂടാതെ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന അര്‍ജ്ജുന് കാലില്‍ മാത്രമേ പരിക്കുള്ളൂ. ഇതില്‍ ദുരൂഹത ഉണ്ടെന്നും ഉണ്ണി പറഞ്ഞു. അതേസമയം അര്‍ജ്ജുനാണ് വാഹനമോടിച്ചതെന്ന ലക്ഷ്മിയുടെ മൊഴിയോടെയാണ് അപകടത്തില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ന്നത്.ബാലുവിന് വന്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നും പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ അര്‍ജ്ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ കുടുംബം ആവശ്യപ്പെട്ടു.വളരെ മോശം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടായിരുന്നു അത്.
അവിടേക്ക് ബാലു ഒരിക്കല്‍ ചികിത്സയ്ക്ക് പോയി. പിന്നീട് ആ പോക്ക് സ്ഥിരമായി. അതിനിടെ അവിടുത്തെ ഡോക്ടറുമായി അടുത്ത ബന്ധം സൂക്ഷിച്ചു.പിന്നീട് റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി ഒന്നരകോടി രൂപ ലോണ്‍ ബാലുവഴി റിസോര്‍ട്ടിന് ലഭിച്ചു. പാലക്കാട് എസ്ബിഐ വഴിയായിരുന്നു അത്. എസ്ബിഐയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്ന തന്‍റെ സഹോദരന്‍ വഴിയാണ് ആ തുക ലഭ്യമാക്കിയതെന്നും ഉണ്ണി പറഞ്ഞു.അതോടെയാണ് റിസോര്‍ട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ആ റിസോര്‍ട്ടില്‍ ബാലുവിന് വലിയൊരു ഇന്‍വെസ്റ്റ്മെന്‍റ് ഉണ്ടായിരുന്നെന്നും ഉണ്ണി വെളിപ്പെടുത്തി.
ഇത് കൂടാതെ ചെറുപ്പളശ്ശേരിയില്‍ 50 സെന്‍റ് സ്ഥലം വാങ്ങിയതായി ബാലു തന്നോട് പറഞ്ഞിരുന്നു. സ്റ്റീഫനും ഇത് അറിയാമായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഒരു തെളിവും തന്‍റെ കൈയ്യില്‍ ഇല്ലെന്നും പിതാവ് വ്യക്തമാക്കി.പാലക്കാട്ടെ റിസോര്‍ട്ടുകാര്‍ തന്നെയാണ് അര്‍ജ്ജുനെ ബാലുവിനൊപ്പം വിട്ടത്. അര്‍ജ്ജുനെ നന്നാക്കാനാണ് കൂടെ കൂട്ടിയത് എന്നായിരുന്നു ബാലു പറഞ്ഞിരുന്നത്. എന്നാല്‍ അര്‍ജ്ജുന്‍റെ പശ്ചാത്തലം ശരിയല്ല.അതിനാൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയത്.
Post Your Comments