Latest NewsKeralaNews

നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി; കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മരുന്നടിക്കുന്നത് തോന്നുന്നതുപോലെ

ഡി.ഡി.ടി ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ്

ആലപ്പുഴ: നിരോധിക്കപ്പെട്ട കീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം കുട്ടനാട്ടില്‍ ഉള്‍പ്പടെ വീണ്ടും സജീവമാകുന്നു. കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും ലാഭക്കൊതിയും അധികൃതരുടെ നിസ്സംഗതയുമാണ് കാര്‍ഷിക വിഭവങ്ങളില്‍ വീണ്ടും വിഷം കലരാന്‍ ഇടയാക്കുന്നത്. അതിന് പുറമെയുള്ള കുട്ടനാട്ടിലെ കൃഷിസ്ഥലങ്ങളിലുള്ള കര്‍ഷകരുടെ കീടനാശിനി പ്രയോഗവും.

അവര്‍ക്ക് തോന്നും പോലെയാണ് കര്‍ഷകര്‍ കീടനാശിനി അടിക്കുന്നത്. ഏക്കറിന് 50ഗ്രാം കീടനാശിനി 150 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്താന്‍ കമ്പനി നിര്‍ദ്ദേശിക്കുമ്പോള്‍ ഭൂരിപക്ഷം കര്‍ഷകരും ഇരട്ടി കീടനാശിനി പകുതി വെള്ളത്തില്‍ കലര്‍ത്തിയടിക്കുകയാണ് ചെയ്യുന്നത്. ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് മരുന്നടിക്കുന്നവര്‍ തന്നെ പറയുന്നു.

ഉപയോഗിക്കുന്നതില്‍ 50 ശതമാനം മരുന്നുകളും ഡി.ഡി.ടി ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ഇതില്‍ നിന്ന് മനസിലാകുന്നത് കുട്ടനാട്ടിലെ മരുന്നടി പ്രയോഗം തീര്‍ത്തും അശാസ്ത്രീയമാണെന്നാണ്.

മരുന്ന് കമ്പനികളും കൃഷിവകുപ്പും പാടശേഖരസമതിയും പറയുന്നത് പോലെയല്ല കര്‍ഷകരുടെ മരുന്ന് പ്രയോഗം. എളുപ്പം കാര്യങ്ങള്‍ നടന്നുകിട്ടാന്‍ വീര്യംകൂട്ടിയടിക്കും. ഇത്തരത്തില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിന്റെ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളില്‍ എത്തുന്നത്. മരുന്നടിക്കാരുടെ കാലില്‍ ഒരു മുറിവുണ്ടായാല്‍ മതി അതൊരു ദുരന്തമായി മാറാന്‍. കമ്പനി നിര്‍ദ്ദേശിക്കുന്ന മറ്റ് സുരക്ഷാ സംവിധാനമൊന്നും മരുന്നടിക്കാര്‍ ഉപയോഗിക്കുന്നുമില്ല.

നേരത്തെ കുട്ടനാട്ടില്‍ വ്യാപകമായി പാടശേഖരങ്ങള്‍ കക്ക ഉപയോഗിക്കുമായിരുന്നു. കക്ക തീരെ ഇല്ലാതെയാണ് ഇപ്പോള്‍ മിക്കവരും പാടമൊരുക്കുന്നത്. ഇതോടെ കീടനാശിനി കൂടുതല്‍ ഉപയോഗിക്കാതെ നല്ല വിള കിട്ടില്ലെന്ന അവസ്ഥയുമായി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മതിയായ ബോധവല്‍ക്കരണം നല്‍കുകയും കീടനാശിനി ഉപയോഗിക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തകയുമാണ് ഇതിനുള്ള പോംവഴിയെന്ന് കര്‍ഷകര്‍തന്നെ സമ്മതിക്കുന്നു.

അതിനിടെ, തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും സ്ഥലത്ത് വ്യാജകീടനാശിനികള്‍ സുലഭമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button