![](/wp-content/uploads/2019/01/master-3.jpg)
ബെംഗളൂരു: വീടില്ലാതെ തെരുവിലുറങ്ങുന്നവര്‍ക്ക് രാത്രി തങ്ങാന്‍ ബെംഗളൂരു കോര്‍പ്പറേഷന്റെ അഭയകേന്ദ്രങ്ങളൊരുങ്ങുന്നു. കോര്‍പ്പറേഷന്റെ കെട്ടിടങ്ങളിലും, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുമാണ് അഭയകേന്ദ്രങ്ങളൊരുക്കുന്നത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കിടക്കകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്. കോര്‍പ്പറേഷന്റെ 15-ഓളം കെട്ടിടങ്ങളാണ് അഭയകേന്ദ്രങ്ങളായി മാറുക. തെരുവിലുറങ്ങുന്നവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പും തയ്യാറാക്കും. കോര്‍പ്പറേഷന്റെ ഐ.ടി. വിഭാഗമാണ് ആപ്പ് വികസിപ്പിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഇംപാക്റ്റ് ഇന്ത്യ കണ്‍സോര്‍ഷ്യം ഡിസംബറില്‍ നഗരത്തില്‍ നടത്തിയ മൂന്നുദിന സര്‍വേയില്‍ തെരുവില്‍ താമസിക്കുന്ന 1526 പേരെ കണ്ടെത്തിയിരുന്നു. 13,000-ത്തിലേറെ പേര്‍ തെരുവിലാണെന്നാണ് സന്നദ്ധസംഘടനകളുടെ കണക്ക്. 50-ഓളം അഭയകേന്ദ്രങ്ങള്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ വേണ്ടിവരുമെന്ന് വരുമെന്ന് കാണിച്ച് ഇംപാക്റ്റ് ഇന്ത്യ കോര്‍പ്പറേഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിന് ശേഷമാണ് തെരുവിലുറങ്ങുന്നവര്‍ക്കുവേണ്ടി പ്രത്യേകപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. വെസ്റ്റ് സോണില്‍ ഗുഡ്ഷെഡ് റോഡിലെ കോര്‍പ്പറേഷന്‍ കെട്ടിടം, കെ.ആര്‍. മാര്‍ക്കറ്റിലെ രണ്ടാം നില എന്നിവിടങ്ങളിലും സൗത്ത് സോണില്‍ ഗിരിയമ്മ ആശുപത്രിയിലും ജെ.സി. റോഡിലെ കാര്‍ പാര്‍ക്കിങ് ഏരിയയുടെ പുറകുവശത്തും ഭവനരഹിതരെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കും. കെ.ആര്‍. മാര്‍ക്കറ്റില്‍ മാത്രം 5000-ത്തിലേറെ താമസിപ്പിക്കാനുള്ള സൗകര്യമാണുണ്ടാകുക.
ആനേപ്പാളയയിലെയും ശാന്തിനഗറിലെയും ആശുപത്രികളുടെ ടെറസ് എന്നിവയും ഉപയോഗിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ശുചീകരണത്തൊഴിലാളികളുടെ വിശ്രമസ്ഥലവും രാത്രികാലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളാക്കി മാറ്റും. ശാന്തിനഗറിലെ സന്ധ്യ സുരക്ഷാകേന്ദ്ര, ഹെന്നൂരിലെ ഹോളിക്രോസ് മേഴ്സി ഹോം തുടങ്ങിയ സ്ഥാപനങ്ങളാണ് കോര്‍പ്പറേഷനുമായി പദ്ധതിയില്‍ സഹകരിക്കുന്നത്.
Post Your Comments