KeralaLatest NewsUAE

യു.എ.ഇ. ആരോഗ്യ മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച്ച നടത്തി

നിപ, പ്രളയാനന്തര പകര്‍ച്ചവ്യാധി പ്രതിരോധം: അഭിനന്ദിച്ച് യു.എ.ഇ. മന്ത്രി

ദുബായ്• യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ദുബായില്‍ കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ രംഗത്ത് കേരളവുമായുള്ള യു.എ.ഇ.യുടെ സഹകരണമാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്. ആയുര്‍വേദത്തിന്റെ സാധ്യതകളും യു.എ.ഇ.യിലേയും കേരളത്തിലേയും ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളും ചര്‍ച്ചാവിഷയമായി. ദുബായ് ഹെല്‍ത്ത് ഫോറം ദുബായില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ യു.എ.ഇ. മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

യു.എ.ഇ.യിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംസ്ഥാനത്ത് മാതൃകയാക്കുന്ന കാര്യം പഠനവിധേയമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

നിപ വൈറസ്, പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞ കേരളത്തെ യു.എ.ഇ. മന്ത്രി അഭിനന്ദിച്ചു. കേരളത്തില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ യു.എ.ഇ. സഹകരിക്കുന്നതാണ്. കേരളത്തില്‍ ആരോഗ്യ മേഖലയിലുണ്ടായ മാറ്റങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താറുണ്ട്. 25 വര്‍ഷം മുമ്പാണ് കേരളം സന്ദര്‍ശിച്ചത്. ആരോഗ്യ മേഖല അടുത്തറിയാനായി കേരളം സന്ദര്‍ശിക്കുമെന്നും യു.എ.ഇ. മന്ത്രി വ്യക്തമാക്കി.

നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി ആശുപത്രികളുടെ പുനര്‍ നിര്‍മ്മിതികളെക്കുറിച്ചും ചര്‍ച്ചയായി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button