ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്‍ നിന്ന് 2012 ല്‍ ആണ് ഈ ക്രോയേഷ്യകാരന്‍ റയല്‍ മാഡ്രിഡില്‍ എത്തിയത്. അന്ന് അതൊരു മോശം സൈനിങ് ആയി ആണ് ഫുട്ബോള്‍ പണ്ഡിതന്മാര് വിലത്തിരുത്തിയത്. എന്നാല്‍ തന്നെ തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ താന്‍ നിസാരക്കാരനല്ല എന്ന് തോന്നിപ്പിക്കുവാന്‍ അദ്ദേഹത്തിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. മികച്ച മധ്യനിരതാരമായ മോഡ്രിച്ച് റയല്‍ വിടുന്നു എന്ന വാര്‍ത്തയാണ് കുറേകാലമായി കേള്‍ക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനിലേക്ക് മോഡ്രിച്ച് കൂടുമാറുമെന്നായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അത്തരം വാര്‍ത്തകളെയെല്ലാം തള്ളികളഞ്ഞ് മോഡ്രിച്ച് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
റയല്‍ മാഡ്രിഡില്‍ തുടരാനാണ് താല്പര്യമെന്ന് ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ച് വ്യക്തമാക്കി. നിലവില്‍ 2020 വരെ മോഡ്രിച്ചിന് റയലുമായി കരാര്‍ ഉണ്ട്. എന്നാല്‍ നിലവിലെ കരാറിന് ശേഷവും മാഡ്രിഡില്‍ തുടരാന്‍ താല്പര്യപ്പെടുന്നതായി മോഡ്രിച്ച് പറഞ്ഞു.റയല്‍ മാഡ്രിഡിന് വേണ്ടി 3 ചാമ്പ്യന്‍സ് ലീഗ്, 1 ലാ ലീഗ, 1 കോപ്പ ഡെല്‍ റേ, 3 യുവേഫ സൂപ്പര്‍ കപ്പ്, 2 സ്പാനിഷ് സൂപ്പര്‍ കപ്പ്, 2 ക്ലബ് ലോക കപ്പ് എന്നീ കിരീടങ്ങളില്‍ മോഡ്രിച്ച് പങ്കാളിയായി. 2016-17 ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച മധ്യനിരക്കാനായി യുവേഫ തിരഞ്ഞെടുത്തത് മോഡ്രിച്ചിനെ ആയിരുന്നു. നൂറ് ശതമാനം അദ്ദേഹം അര്‍ഹിച്ചിരുന്ന ഒരു അംഗീകാരം കൂടി റയല്‍ താരത്തെ തേടി എത്തുകയായിരുന്നു. റയലില്‍ താന്‍ സന്തുഷ്ടനാണെന്നും ഇനിയും റയല്‍ മാഡ്രിഡില്‍ തന്നെ തുടരാന്‍ ആഗ്രഹമെന്നും മോഡ്രിച്ച് പറഞ്ഞു. ലീഗില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ റയല്‍ മാഡ്രിഡ്.
Post Your Comments