KeralaLatest News

‘മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം• ‘മോഡി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫ്‌ നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി 14 മുതല്‍ പ്രയാണം ആരംഭിക്കും. സിപി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ 14ന്‌ തിരുവനന്തപുരത്ത്‌ നിന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ജാഥ 16ന്‌ കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ നിന്നും പ്രചാരണം തുടങ്ങും.
ഇരുജാഥകളും മാര്‍ച്ച്‌ രണ്ടിന്‌ തൃശൂരില്‍ വമ്പിച്ച റാലിയോടെ സമാപിക്കും. എല്‍.ഡി.എഫിലെ എല്ലാ കക്ഷികളുടെയും നേതാക്കളും മേഖലാ ജാഥകള്‍ക്ക്‌ നേതൃത്വം വഹിക്കുമെന്ന്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

ജനവിരുദ്ധ നയം അനുദിനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയത ഇളക്കിവിട്ട്‌ രാജ്യത്തെ സമ്പൂര്‍ണ്ണ നാശത്തിലേക്ക്‌ നയിക്കുകയാണ്‌.

രാജ്യത്തിന്‍െറ കടബാധ്യത ഇരട്ടിയായി. ഇന്ധനവില കുതിച്ചുയരുകയാണ്‌. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ തകര്‍ന്നടിഞ്ഞു. തൊഴിലില്ലായ്‌മയും പട്ടിണിയും മൂലം ജനങ്ങള്‍ കൊടിയ ദുരിതത്തിലാണ്‌. ദുര്‍ഭരണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ വര്‍ഗ്ഗീയ അസ്വസ്ഥത സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ നടത്തുന്നതിനാണ്‌ സംഘപരിവാര്‍ ശ്രമം. ബി.ജെ.പിയുടെ ദുര്‍ഭരണത്തിന്‌ എത്രയും വേഗം അറുതിവരുത്തി രാജ്യത്തെ രക്ഷിച്ചേ മതിയാകൂ. ഇതിനായി ഇടതുപക്ഷ അംഗസഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിപ്പിക്കുക എന്ന സന്ദേശമാണ്‌ എല്‍.ഡി.എഫ്‌. മുന്നോട്ടുവെയ്‌ക്കുന്നത്‌.

കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനാണ്‌ ശ്രമം. വിശ്വാസത്തിന്റെ പേരില്‍ നുണ പ്രചരിപ്പിച്ച്‌ സര്‍ക്കാരിനെതിരെ ജനരോഷം ഇളക്കിവിടുകയാണ്‌. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും സമരങ്ങള്‍ ജനങ്ങള്‍ നിരാകരിച്ചെന്ന്‌ ഉറപ്പായപ്പോള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കുറുക്കുവഴി തേടുകയാണ്‌. പ്രളയാനന്തരമുണ്ടായ ജനങ്ങളുടെ കൂട്ടായ്‌മ വര്‍ഗ്ഗീയതയും ജാതീയതയും ഇളക്കിവിട്ട്‌ തകര്‍ക്കാനാണ്‌ നോക്കുന്നത്‌. ഇതിനെതിരെ കേരളീയ മന:സാക്ഷിയുടെ കടുത്ത രോഷം ഉയര്‍ന്നുവരുമെന്ന്‌ തീര്‍ച്ചയാണ്‌.

ബിജെപിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ നെറികേട്‌ തുറന്നുകാട്ടുന്നതിനുള്ള മേഖലാ ജാഥ പ്രയാണത്തിന്‌ വമ്പിച്ച വരവേല്‍പ്പ്‌ ഒരുക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.
എഫ്‌ കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button