നിങ്ങള്‍ 15 വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ള ഇന്ത്യക്കാരാണോ? എങ്കില്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട. യാത്രാരേഖയായി ആധാര്‍ കാര്‍ഡ് മാത്രം മതിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.
ഈ പ്രായപരിധിയിലല്ലാത്ത ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവില്ല. അവര്‍ക്ക് പാസ്‌പോര്‍ട്ട്, ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഒരു ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവ ഉണ്ടെങ്കിലും വിസ ആവശ്യമില്ല.
നേരത്തെ 65 മുകളിലും 15 വയസിന് താഴെയും പ്രായമുള്ളവര്‍ പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് (സിജിഎച്ച്എസ്) കാര്‍ഡ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡിനെയും ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ 65 വയസിന് മുകളിലും 15 വയസിന് താഴെയും പ്രായമുള്ളവര്‍ക്ക് ആധാര്‍ യാത്രാ രേഖയായി അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കും തിരിച്ചും യാത്രചെയ്യാന്‍ സ്വീകാര്യമായ ഒരു രേഖയല്ല. എന്നാല്‍, ഇന്ത്യന്‍ എംബസി നല്‍കുന്ന അടിയന്തര സര്‍ട്ടിഫിക്കറ്റും സ്വദേശീയ സര്‍ട്ടിഫിക്കറ്റും നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സാധുത നല്‍കുന്നു. സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ 15 നും 18 നും ഇടയിലുള്ള പ്രായക്കാര്‍ക്ക് ഇന്ത്യയിലും നേപ്പാളിലുമായി യാത്ര ചെയ്യാനാകും.
കുടുംബസമേതം (ഭര്‍ത്താവ്, ഭാര്യ, പ്രായപൂര്‍ത്തിയായ കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍) യാത്ര ചെയ്യുമ്പോള്‍, മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ക്ക് സാധുതയുള്ള യാത്രാരേഖകള്‍ ഉണ്ടെങ്കില്‍, എല്ലാ വ്യക്തികള്‍ക്കും യാത്രാരേഖകളുടെ ആവശ്യമില്ല. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡോ, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ സ്‌കൂള്‍ / കോളേജ് വിതരണം ചെയ്ത ഐഡി കാര്‍ഡോ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് റേഷന്‍കാര്‍ഡ് പോലുള്ള രേഖകളോ കൈവശം കരുതേണ്ടതാണ്.
ഭൂട്ടാനിലേയ്ക്ക് യാത്രപോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആറ് മാസത്തെ കുറഞ്ഞ സാധുതയുള്ള ഒരു പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഒരു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണ്. സിക്കിം, അസം, അരുണാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാനില്‍ 60,000ത്തില്‍ അധികം ഇന്ത്യക്കാര്‍ ജലവൈദ്യുത ഉദ്പാദന മേഖലയിലും നിര്‍മ്മാണ, വ്യവസായ മേഖലകളിലും ജോലി ചെയ്യുന്നു. ദിനംപ്രതി 8,000 മുതല്‍ 10,000 വരെ ഇന്ത്യക്കാര്‍ ഭൂട്ടാനിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നേപ്പാളില്‍ ആറു ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നതായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
ബിസിനസുകാരും വ്യാപാരികളും ഡോക്ടര്‍മാരും ഐടി ജീവനക്കാരും മറ്റ് തൊഴിലാളികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം ഇന്ത്യന്‍ ജനത വര്‍ഷങ്ങളായി നേപ്പാളില്‍ താമസിക്കുന്നവരാണ്. സിക്കിം, പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളുമായി നേപ്പാള്‍ 1,850 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.
Post Your Comments