ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ കോൺഗ്രസ്സ് പാര്‍ട്ടിയിൽ പൊട്ടിത്തെറി. പാർട്ടിക്കെതിരെ വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒഡീഷ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന് രണ്ടു നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, കൊറാപുത്ത് മുന്‍ എംഎല്‍എ കൃഷ്ണ ചന്ദ്ര എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ ബിജെപിയിലോ ബിജെഡിയിലോ ചേരുമെന്നാണ് വിവരങ്ങള്‍.
നേതാക്കളെ പുറത്താക്കിയതിനെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഇരുവരും നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കൃഷ്ണ ചന്ദ്ര നവംബറിലും ശ്രീകാന്ത് ജെന ഡിസംബറിലുമാണ് രാജി പ്രഖ്യാപിച്ചത്. പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചായിരുന്നു ഇരുവരുടെയും രാജി.ശ്രീകാന്ത് ജെന, കൃഷ്ണ ചന്ദ്ര എന്നിവരെ പുറത്താക്കിയ കാര്യം കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പിലാണ് അറിയിച്ചത്.
പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും മാധ്യമങ്ങളോട് സംസാരിച്ചതാണ് ഇരുവരെയും പുറത്താക്കാന്‍ കാരണമെന്നു കോൺഗ്രസ്സ് വ്യക്തമാക്കി. ഇരുവരുടെയും പ്രാഥമിക അംഗത്വം റദ്ദാക്കിയെന്ന് അച്ചടക്ക സമിതി കണ്‍വീനര്‍ ആനന്ത് സേത്തി പറഞ്ഞു. അതേസമയം, ഇരുവരെയും പുറത്താക്കേണ്ട സമയം ഇതായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശരത് റാവത്ത് പ്രതികരിച്ചു.
ഒട്ടേറെ നേതാക്കള്‍ക്കെതിരെ അച്ചടക്ക ലംഘന പരാതിയുണ്ട്. അതിലൊന്നും നടപടിയെടുത്തിട്ടില്ല. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ആരോപണം ഉന്നിയിച്ച രണ്ടുപേരെ മാത്രം പുറത്താക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ശരത് റാവത്ത് പറഞ്ഞു.
Post Your Comments