നീലേശ്വരം: വിരണ്ടിയോടി നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ വെടിവെച്ചു കൊന്നു. നീലേശ്വരം പാലായിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബങ്കളത്തേക്ക് അറുക്കാന്‍ കൊണ്ടുവന്ന പോത്താണ് നാട്ടുകാര്‍ക്കിടയില്‍ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്. ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പോത്ത് വിരണ്ടിയോടിയത്. അതേസമയം ഇതിനെ മെരുക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായതോടെ വെടിവെച്ചു വീഴ്ത്താന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
ഇതിനിടെ, ബങ്കളത്തു നിന്നു പോത്തിന്റെ ഉടമസ്ഥരില്‍ ഒരാള്‍ പിടിക്കാനെത്തിയെങ്കിലും പോത്ത് ആക്രമിച്ചു രക്ഷപ്പെട്ടു. ഉത്സവം നടക്കുന്ന അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ അന്നദാനമൊരുക്കാന്‍ ശ്രമദാനം ചെയ്തു പുലര്‍ച്ചെ ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നവരുടെ പിന്നാലെ പോത്ത് ഓടിയെന്നും പറയുന്നു.
രാവിലെ മുതല്‍ വളരെ അക്രമാസക്തനായി നിന്ന പോത്തിനടുത്തേയ്ക്ക് അടുക്കാന്‍ ആരും തയ്യാറില്ല. കൂടാതെ ആളനക്കം കേട്ടപ്പോഴെല്ലാം പോത്ത് ആക്രമിക്കാനും ശ്രമിച്ചിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു നീലേശ്വരം പൊലീസും കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
തുടര്‍ന്ന് പോത്തിനെ മെരുക്കാനായി എകെജി വായനശാലയ്ക്കു സമീപം രണ്ട് എരുമകളെ കൊണ്ടുവന്നു കെട്ടി. എന്നാല്‍ കുറച്ചു നേരത്തേയ്ക്ക് പോത്ത് ശാന്തനായെങ്കിലും കെട്ടിയിടാന്‍ ആരെയും അനുവദിച്ചില്ല. മയക്കു വെടിവയ്ക്കാന്‍ കണ്ണൂരില്‍ നിന്ന് ആളെത്തുമ്പോഴേക്കും കൂടുതല്‍ അക്രമങ്ങള്‍ക്കു തുനിയുമോ എന്ന സംശയത്തില്‍ പോത്തിനെ അവിടെ വച്ചുതന്നെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
Post Your Comments