2117 ആകുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിക്ക് സമഗ്രരൂപരേഖ തയാറാക്കുകയാണ് യുഎഇ. 2021 നടക്കുന്ന അല്‍ അമല്‍ എന്ന ചൊവ്വാദൗത്യത്തോടെ സുപ്രധാനഘട്ടം പിന്നിടും. എഴുപതിലേറെ സ്വദേശി ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അല്‍ അമല്‍ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നു. അടുത്തവര്‍ഷം ആകുമ്പോഴേക്കും ഇവരുടെ എണ്ണം 150 ആകും. മണിക്കൂറില്‍ 126,000 കിലോമീറ്റര്‍ വേഗത്തില്‍ 200 ദിവസം സഞ്ചരിച്ചാണു ലക്ഷ്യത്തിലെത്തുക.
60 കോടി കിലോമീറ്ററാണ് ദൂരം. മനുഷ്യജീവിതത്തിന് ചെറുനഗരം യാഥാര്‍ഥ്യമാക്കാനുള്ള സ്വപ്നപദ്ധതിയാണിത്. ചൊവ്വയെ ഏതൊക്കെ വിധത്തില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് രൂപരേഖ തയാറാക്കുകയെന്നതാണ് ആദ്യഘട്ടം. ഇതിനായി സ്‌കൂള്‍ തലം മുതല്‍ സജ്ജമാകുകയാണ്. റോബട്ടിക്സ്, നൂതന സാങ്കേതികവിദ്യകള്‍, ബഹിരാകാശ പേടകങ്ങളുടെ രൂപകല്‍പന, ബഹിരാകാശ ശാസ്ത്രപഠനം എന്നിവയിലും നേട്ടങ്ങള്‍ കൈവരിക്കാം.
അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പേടകം വിവരങ്ങള്‍ ശേഖരിക്കും. ചൊവ്വയിലെ കാറ്റ്, പൊടിപടലങ്ങള്‍, മേഘങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. ചൊവ്വയെക്കുറിച്ചുള്ള പഠനം മറ്റു ഗ്രഹങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമാകും.
ചൊവ്വാദൗത്യത്തിനായി നടത്തുന്ന ഗവേഷണങ്ങള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയിലടക്കം നേട്ടമാകുമെന്ന് ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയംബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍ മുഹൈരി പറഞ്ഞു. ചൊവ്വയെ ലക്ഷ്യമിട്ട് വായു, മണ്ണ്, സസ്യങ്ങള്‍, കാലാവസ്ഥ, കൃഷി, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നടത്തുന്ന ഗവേഷണങ്ങളില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ രാജ്യത്തിന് തന്നെ ആദ്യം നടപ്പാക്കാനാകും.
Post Your Comments