കൊല്ലം :മാലിന്യനിര്‍മാര്‍ജനത്തില്‍ മാതൃകയായ പുനലൂരിന് ‘സീറോ വേസ്റ്റ്’ മുനിസിപ്പാലിറ്റി പദവി പ്രഖ്യാപനം 22ന് പകല്‍ മൂന്നിനു പ്ലാച്ചേരിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍ നടത്തുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ അറിയിച്ചു. മന്ത്രി കെ രാജു അധ്യക്ഷനാകും. ഹരിതായനം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യും.
മുനിസിപ്പാലിറ്റി പരിധിയില്‍ അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തിലും അഴുകാത്തവ ഹരിത കര്‍മസേന വഴി വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സമാഹരിച്ച് സംസ്‌കരിക്കുന്നുണ്ട്.ഖരമാലിന്യ പരിപാലനത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍, ഹരിത കേരള മിഷന്‍ മാര്‍ഗരേഖകള്‍ കൃത്യമായി പാലിച്ചതിനാണ് സര്‍ക്കാര്‍ പുനലൂരിനെ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത്. അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ ശ്രീരാമവര്‍മപുരം മാര്‍ക്കറ്റ്, താലൂക്ക് ആശുപത്രി, ടിബി ജങ്ഷന്‍ എന്നിവിടങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടുകള്‍ക്ക് പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ ലഭ്യമാക്കി.
127 അംഗങ്ങളുള്ള ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അഴുകാത്ത മാലിന്യങ്ങള്‍ ശേഖരിക്കുന്നു. 200 ലോക്കല്‍ കളക്ഷന്‍ സെന്ററുകളിലൂടെ എല്ലാ വാര്‍ഡുകളില്‍നിന്നും അജൈവമാലിന്യങ്ങള്‍ പ്രാഥമിക തരംതിരിക്കല്‍ നടത്തിയാണ് ശേഖരിച്ച് പ്ലാച്ചേരിയിലെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയില്‍ എത്തിക്കുന്നത്. മുനിസിപ്പാലിറ്റി നടപ്പാക്കുന്ന ഹരിതായനം പദ്ധതിയുടെ ഭാഗമായാണ് സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കിയത്.
Post Your Comments