ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്നും നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്.
ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് ജനങ്ങളുടെ ശബ്ദമാകാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് പ്രകാശ് രാജ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്.
ബി.ജെ.പി വിരുദ്ധ നിലപാടാണ് പ്രകാശ് രാജ് പൊതുവെ സ്വീകരിച്ചിട്ടുള്ളതെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. നാണംകെട്ട ഒരു കൂട്ടം ആളുകളുടെ സംഘമാണ് ബി.ജെ.പിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments