കൊച്ചി: കുറച്ചുകാലം മുന്‍പുവരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ദുര്‍ബലരായിരുന്നു കേരള ടീം. ഇന്ന് കേരളത്തെ കരുത്തുറ്റ ക്രിക്കറ്റ് ടീമാക്കി മാറ്റിയതിന് പിന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പണമെറിഞ്ഞുള്ള തന്ത്രപരമായ നീക്കമായിരുന്നു. ടീമിന്റെ വിഖ്യാതനായ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്‌മോറും ഓള്‍റൗണ്ട് മികവു കൊണ്ടു വിജയങ്ങളിലെ മുഖ്യഘടകമായ മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേനയും; തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തെ അട്ടിമറി വീരന്‍മാരാക്കി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചതില്‍ മുഖ്യ പങ്കു വഹിച്ചത് ഇവരാണ്.
ആ മുന്നേറ്റത്തിനായി കേരളം നടത്തിയ നിക്ഷേപം 1.25 കോടി രൂപയാണ്. രണ്ടു വര്‍ഷമായി ടീമിനെ പരിശീലിപ്പിക്കുന്ന വാട്‌മോറിന് 35 ലക്ഷമാണു വാര്‍ഷിക പ്രതിഫലം. ജലജ് കഴിഞ്ഞ മൂന്നു സീസണായി കേരളത്തിനൊപ്പമുണ്ട്. 15 ലക്ഷം രൂപയായിരുന്നു 2016-17 സീസണില്‍ പ്രതിഫലമെങ്കില്‍ കഴിഞ്ഞ രണ്ടു സീസണായി ഇത് 20 ലക്ഷം രൂപ വീതം. കഴിഞ്ഞ രണ്ടു സീസണായി കേരളത്തിനു വേണ്ടി കളിക്കുന്ന മറ്റൊരു ഇതര സംസ്ഥാന താരമായ അരുണ്‍ കാര്‍ത്തിക്കിനു വേണ്ട വിധം തിളങ്ങാനാവുന്നില്ലെങ്കിലും ആ കുറവു കൂടി നികത്തുന്നതാണു ജലജിന്റെ ഓള്‍റൗണ്ട് മികവ്. പ്രതിഫലത്തിന്റെ കാര്യത്തിലും അരുണ്‍ ജലജിനെക്കാള്‍ ഏറെ പിന്നിലാണ്.
ശ്രീലങ്കയെ ലോക ചാംപ്യന്‍മാരാക്കുകയും ബംഗ്ലാദേശിനെ കരുത്തരാക്കി വളര്‍ത്തുകയും ചെയ്ത വാട്‌മോറിനെ പോലൊരു രാജ്യാന്തര പരിശീലകന്‍ ഇന്ത്യയില്‍ മറ്റൊരു രഞ്ജി ടീമിനും അവകാശപ്പെടാനില്ലാത്തതാണ്. അപ്രതീക്ഷിതമായാണ് ആ ഭാഗ്യം കേരളത്തെ തേടിയെത്തുന്നത്. ഇതര സംസ്ഥാന കളിക്കാരെ കേരളം മുന്‍പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജലജ് സക്‌സേനയെ പോലെ ഇത്രയേറെ മികവു പുലര്‍ത്തിയ നിര്‍ണായക താരത്തെ ലഭിക്കുന്നതും ഇതാദ്യം. കേരള ക്രിക്കറ്റിനു പരിചയ സമ്പന്നനായ ഒരു ഓള്‍റൗണ്ടറെ വേണമെന്ന മുന്‍കാല താരങ്ങളുടെ അഭിപ്രായം പരിഗണിച്ചു നടത്തിയ അന്വേഷണമാണ് ഇന്ത്യ എ ടീമില്‍ ഇടം പിടിച്ചിട്ടുള്ള ജലജിലെത്തിയത്.
ബാറ്റ്‌സ്മാനെന്ന നിലയിലും ഓഫ് സ്പിന്നറെന്ന നിലയിലും ജലജ് കഴിഞ്ഞ മൂന്നു സീസണിലും കേരളത്തിനു മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബോളറായി. ഈ സീസണില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് അടിച്ചു കൂട്ടിയത്. തുടക്കത്തില്‍ ഓപ്പണറായിരുന്നു ജലജ് പിന്നെ മധ്യ നിരയിലേക്കു മാറുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനവും ജലജിന്റേതാണ്. ആന്ധ്രക്കെതിരെയുള്ള 45 റണ്‍സ് വഴങ്ങിയുള്ള 8 വിക്കറ്റ് പ്രകടനം.
Post Your Comments