Latest NewsInternational

ബ്രെക്‌സിറ്റിലും തളരാതെ തെരേസ മേയ് : മേയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി

ലണ്ടന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകള്‍ക്കാണു പ്രമേയം തള്ളിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍, പാര്‍ലമെന്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ (432 – 202) തള്ളിയതു മേയുടെ ഭരണത്തുടര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ത്തിയിരുന്നു. നൂറു വര്‍ഷത്തിനിടെ ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി പൊതുസഭയില്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. തുടര്‍ന്നാണു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇത് അതിജീവിച്ചതോടെ, അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാര്‍ മേ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.

118 ഭരണകക്ഷി കണ്‍സര്‍വേറ്റീവ് എംപിമാര്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തു വോട്ട് ചെയ്‌തെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അവര്‍ പ്രധാനമന്ത്രിയെ പിന്തുണച്ചു. ബ്രെക്‌സിറ്റ് കരാറില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താതിരിക്കാനായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്. ഇവരുള്‍പ്പെടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 314 അംഗങ്ങളും വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ 10 അംഗങ്ങളും ഒരു സ്വതന്ത്രനുമാണു മേയ്ക്ക് അനുകൂമായി വോട്ട് ചെയ്തത്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതു മാര്‍ച്ച് 29ന് അകമാണ്. ശേഷിക്കുന്നത് 72 ദിവസം മാത്രം. കരാര്‍പ്രകാരം ബ്രിട്ടന്‍ ഭീമമായ തുക അങ്ങോട്ടു കൊടുക്കണം. കരാറില്ലാതെ പിന്മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ കടുത്തതായിരിക്കും. കരാര്‍ തള്ളിയതില്‍ നിരാശ പ്രകടിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍, തങ്ങളുടെ ഭാഗത്തുനിന്ന് ഇളവുകള്‍ക്കുള്ള സൂചന ഇതുവരെ നല്‍കിയിട്ടില്ല. ചര്‍ച്ചകള്‍ക്കു യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്കു തെരേസ മേ ഉടന്‍ പോകുമെന്നും സൂചനയുണ്ട്. ബ്രിട്ടന്‍ തങ്ങള്‍ക്കൊപ്പം തുടരുന്നതും പരിഗണിക്കണമെന്ന പരോക്ഷ സൂചന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button