ചെറുതോണി: മൂന്നാര്‍ സന്ദര്‍ശനത്തിനിടെ പെരുവഴിയിലായ യുവാക്കള്‍ സഹായത്തിനായി 100ല്‍ വിളിച്ചപ്പോള്‍ പോലീസിന്റെ തെറിവിളിയും ഭീഷണിയും. ഇടുക്കി പൊട്ടന്‍കോടുള്ള ഹോംസ്‌റ്റേയില്‍ താമസിക്കാന്‍ എത്തിയ യുവാക്കളാണ് മുറി ലഭിക്കാതായതിനെ തുടര്‍ന്ന് രാത്രിയില്‍ പോലീസ് സഹായം തേടി 100ലേക്ക് വിളിച്ചത്.
എറണാകുളത്ത് നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ആറംഗസംഘമാണ് പോലീസിന്റെ ഭീഷണിക്ക് ഇരയായത്. ഓയോവഴി റൂം ബുക്ക് ചെയ്ത് പൊട്ടന്‍കാടുള്ള ഹോം സ്റ്റേയില്‍ എത്തിയ യുവാക്കളുടെ മുറി മറ്റൊരാള്‍ക്ക് മറിച്ചുനല്‍കിയെന്ന് നടത്തിപ്പുകാരന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമസ്ഥനെ യുവാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്ഥലം വിടാനായിരുന്നു പറഞ്ഞത്. പലയിടത്തും റൂമിനായി അലഞ്ഞുനടന്നെങ്കിലും എവിടെയും കിട്ടിയില്ല. ഒടുവില്‍ അവസാന ആശ്രയമായാണ് നൂറിലേയ്ക്ക് വിളിച്ചത്. ഫോണ്‍ എടുത്ത പോലീസുകാരന്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥന് ഫോണ്‍ കൈമാറി. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ യുവാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. രാത്രി കുറെ അലഞ്ഞശേഷമാണ് ഇവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടം ലഭിച്ചത്. ഹോം സ്റ്റേ ബുക്കുചെയ്ത 1800 രൂപയും ഇവര്‍ക്ക് നഷ്ടമായി. വിദേശികള്‍ എത്തിയപ്പോള്‍ ഇരട്ടി തുകയ്ക്ക് ഇവര്‍ ബുക്കുചെയ്ത റൂമുകള്‍ മറിച്ചു വില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കിയിരുന്നില്ല. യുവാക്കളെ അസഭ്യം പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഹോംസ്‌റ്റേയുടെ ഉടമയെന്ന് പിന്നീടാണ് മനസിലായതെന്നും യുവാക്കള്‍ പറയുന്നു.
Post Your Comments