കണ്ണൂര്‍: കണ്ണൂര്‍ സ്പോര്‍ട്ടിംഗ് ക്ലബ് സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. പി.കെ.ശ്രീമതി എംപി മത്സരം ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്, പി.കെ.കൃഷ്ണദാസ് എന്നിവരും മുഖ്യാതിഥികളാകും.
കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മാച്ചില്‍ കണ്ണൂരില്‍ നിന്നുളള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അണിനിരക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് തുടങ്ങിയ നേതാക്കള്‍ കളത്തിലിറങ്ങും.19ന് വൈകീട്ട് 3.30നാണ് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വണ്‍ഡെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുക. രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വ്യവസായികളും രണ്ട് ടീമുകളിലായി അണിനിരന്നാണ് മത്സരം.
രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും അടങ്ങുന്നതാണ് ഒരുടീം. ഈ ടീമിനെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നയിക്കും. ടി.വി.രാജേഷ് എംഎല്‍എയാണ് വൈസ് ക്യാപ്റ്റന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സിക്രട്ടറി കെ.പി.അരുണ്‍, ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗം ബിജു കണ്ടക്കൈ, യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെഎസ്യു സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി.അബ്ദുള്‍ റഷീദ് എന്നിവരാണ് കളത്തിലിറങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍. കൂടെ പ്രസ്ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും സ്പോര്‍ട്സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി തുടങ്ങിയവരും ജേഴ്സി അണിയും. മുന്‍ എംപിയും സിപിഐ കേന്ദ്ര കണ്ട്രോള് കമ്മീഷന് ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന് കളിയുടെ തല്‍സമയ വിവരണം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി.ദിവ്യയാണ് അമ്പയര്‍. ഉദ്യോഗസ്ഥ, വ്യാപാരി, വ്യവസായ ടീമിന്റെ ക്യാപ്റ്റന്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ്. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി വൈസ് ക്യാപ്റ്റനാകും.
Post Your Comments