അടിമാലി: ആയിരം രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫിനാണ് പണം നഷ്ടപ്പെട്ടത്. ഗുജറാത്തിലെ സൂററ്റിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാര്‍ ഓര്‍ഡര്‍ചെയ്‌തെങ്കിലും പോസ്റ്റ് വഴി ലഭിച്ച ചുരിദാറിന് ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാര്‍ തിരികെ എടുക്കാമെന്നും പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പറും ഫോണില്‍ വരുന്ന ഒടിപി കോഡും നല്‍കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
അതിനെത്തുടര്‍ന്ന് അടിമാലി ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒടിപി കോഡും നല്‍കി. എന്നാല്‍ പത്തു മിനിറ്റിനുള്ളില്‍
അക്കൗണ്ടില്‍ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ അറിയിച്ചപ്പോള്‍ 2,000 രൂപയില്‍ കൂടുതല്‍ മിനിമം ബാലന്‍സ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ പണം തിരികെ നിക്ഷേപിക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ നല്‍കി. എന്നാല്‍ 3000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്നും 2,500 രൂപയും നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയെ ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടില്‍ 5000 രൂപ മിനിമം ബാലന്‍സ് വേണമെന്ന നിര്‍ദ്ദേശം വന്നു. ഇതോടെ തട്ടിപ്പ് മനസിലായ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments