NewsIndia

മുന്‍ അരുണാചല്‍ മുഖ്യന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

ഗുവാഹത്തി: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ഗെഗോങ് അപാങ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ആദര്‍ശങ്ങളിലൂടെയല്ല പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കെന്ന് ആരോപിച്ചാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് അമിത് ഷായ്ക്ക് നല്‍കിയിട്ടുണ്ട്.

നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ടാകം സഞ്ജയ് പറഞ്ഞതിന് പിന്നാലെയുള്ള അപാങിന്റെ രാജി അരുണാചലില്‍ ഇതിനകം വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്. 2016 ഡിസംബറില്‍ പേമാ ഖണ്ഡുവും 33 എംഎല്‍എമാരും ബിജെപിയില്‍ എത്തിയതോടെ പൂര്‍ണ തോതില്‍ ബിജെപി ഭരണമുള്ള ആദ്യ വടക്കു കിഴക്കന്‍ സംസ്ഥാനമായി അരുണാചല്‍ മാറിയിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യവും മൂല്യവുമെല്ലാം അവഗണിക്കുകയാണ്. യഥാര്‍ഥ പ്രശ്നങ്ങളെ സര്‍ക്കാര്‍ നേരിടുന്നില്ലെന്നും അപാങ് കുറ്റപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും അരുണാചലില്‍ നടക്കാനിരിക്കെ അപാങിന്റെ രാജി ബിജെപിക്ക് തിരിച്ചടിയാണ്.

2014ല്‍ ആണ് അപാങ് ബിജെപിയില്‍ എത്തുന്നത്. എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അലോ ലിബാങിനോട് അപാങ് തോല്‍വിയേറ്റ് വാങ്ങി. പിന്നീട് ലിബാങ് ബിജെപിയില്‍ ചേരുകയും ഖണ്ഡു സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ പേമ ഖണ്ഡുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ നിലപാടിലും അപാങ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button