ന്യൂഡൽഹി : സമ്പൂർണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം . എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സൗഭാഗ്യ പദ്ധതി 95 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചതായി റിപ്പോർട്ട്. 2018 ഏപ്രിലിൽ തന്നെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചിരുന്നു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നതിന്റെ ആദ്യ പടിയായ അടിസ്ഥാന സൗകര്യ വികസനമായിരുന്നു ഇതിലൂടെ സാദ്ധ്യമാക്കിയത്. വ്യക്തവും സമഗ്രവുമായി ആവിഷ്കരിച്ച പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹർ ഘർ യോജന 2017 ഒക്ടോബറിലാണ് ആരംഭിച്ചത്. മാർച്ച് 2019 ഓടെ നൂറു ശതമാനം വീടുകളിലും വൈദ്യുതി എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എത്തിച്ചേരാൻ കഴിയാത്ത ഭൂപ്രകൃതി , യന്ത്രങ്ങളും സാങ്കേതിക സംവിധാനങ്ങളും എത്തിക്കുന്നതിൽ നേരിട്ട പ്രതിസന്ധികൾ ഇവയെ എല്ലാം മറികടന്നാണ് സൗഭാഗ്യ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.രണ്ട് കോടി നാൽപ്പത്തെട്ട് ലക്ഷത്തി നാൽപ്പത്തൊൻപതിനായിരത്തി നാനൂറ്റി മുപ്പത്തിനാല് വീടുകളായിരുന്നു 2017 ഒക്ടോബറിൽ വൈദ്യുതീകരിക്കാനുണ്ടായിരുന്നത്. ഇതുവരെ 2,43,79,015 വീടുകൾ വൈദ്യുതീകരിച്ചു കഴിഞ്ഞു. ഇനി നാലേമുക്കാൽ ലക്ഷം വീടുകൾ ആണ് വൈദ്യുതീകരിക്കാൻ ബാക്കിയുള്ളത്.
ഛത്തീസ്ഗഡ് , അസം , രാജസ്ഥാൻ , മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഇനിയും വീടുകൾ വൈദ്യുതീകരിക്കാനുള്ളത്. ഇതും ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.ഇന്ത്യയുടെ വടക്കേയറ്റത്തെ പ്രദേശങ്ങളായ ലേയും കാർഗിലും നാഷണൽ പവർ ഗ്രിഡിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതും വലിയ നേട്ടമായി. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ഇത് യാഥാർത്ഥ്യമായത്. ഇത് ചരിത്ര നേട്ടമാണെന്ന് ഊർജ്ജ മന്ത്രി ആർ.കെ സിംഗ് ചൂണ്ടിക്കാട്ടി.
Post Your Comments