തിരുവനന്തപുരം : സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എന്‍.ജി.ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ഉള്പ്പെടുത്തുന്നാണ്. ഇതിനായി ഒരു ശില്പശാല സംഘടിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവന്തപുരം ജില്ലാ പഞ്ചായത്തിന്റേയും നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും ആരോഗ്യ കേരളത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വഴുതക്കാട് ഗവ. വിമന്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേരള പാലിയേറ്റീവ് കെയര്‍ ദിനാചരണവും സാന്ത്വന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്മശ്രീ ലഭിച്ച ഡോ. എം.ആര്. രാജഗോപാലിനേയും ലക്ഷ്മിക്കുട്ടിയമ്മയേയും ചടങ്ങില്‍ ആദരിച്ചു.
ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയോടൊപ്പം സാന്ത്വന പരിചരണത്തിനും സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ 1993ല്‍ ആരംഭിച്ചെങ്കിലും ജനകീയമായത് 2008ല്‍ ഈ സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചതോടെയാണ്. ഓരോ പ്രദേശത്തും പ്രയാസപ്പെടുന്ന രോഗികള്‍ക്ക് ആവശ്യമായ സാന്ത്വന പരിചരണം നല്കുവാന് അതാത് പ്രദേശത്തെ പൊതുസമൂഹത്തെ പ്രാപ്തമാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പിന്തുണയോട് കൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരുന്നത്. പ്രൈമറി ലെവല്‍ പാലിയേറ്റീവ് കെയര്‍, സെക്കന്ററി ലെവല്‍ പാലിയേറ്റീവ് കെയര്‍ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ വന്നശേഷമാണ് സെക്കന്ററി പാലിയേറ്റീവ് കെയര്‍ മേഖലയില്‍ 238 സ്റ്റാഫ് നഴ്സുമാര്‍, 238 ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ തസ്തികള്‍ പുതുതായി സൃഷ്ടിച്ചത്. കൂടാതെ എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ സെക്കന്ററി യൂണിറ്റുകളും ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയില്‍ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ 13,160 രോഗികള്‍ക്ക് വീട്ടിലെ പരിചരണവും 7815 രോഗികള്‍ക്ക് ഒ.പി. പരിചരണവും നല്കിവരുന്നു. ഇതില്‍ നിന്ന് 2180 പേരെ സെക്കന്ററി ലെവല്‍ അഥവാ വിദ്ഗധ ഹോം കെയര്‍ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 88 പ്രൈമറി പാലിയേറ്റിവ് യൂണിറ്റുകളും 33 സെക്കന്ററി യൂണിറ്റുകളുമാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ സെക്കന്ററി ലെവല്‍ പദ്ധതിയെ സഹായിക്കാന്‍ സ്നേഹം എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും രൂപികരിച്ചിട്ടുണ്ട്. ഹോമിയോ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം, എന്‍.യു.എച്ച്.എം., ഡി.ഇ.ഐ.സി. പ്രവര്‍ത്തകര്‍ക്കുളള പാലിയേറ്റീവ് കെയര്‍ പരിശീലനവും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ കേരളം തിരുവനന്തപുരം ഡി.പി.എം. ഡോ. പി.വി. അരുണ്‍ പാലിയേറ്റീവ് കെയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. നീന, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. ശ്രീകുമാര്‍, സിനിമ താരം എം.ആര്. ഗോപകുമാര്‍, ജില്ല പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ റോയ് ജോസ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments