നെടുമങ്ങാട് ∙ ആശുപത്രിയിൽ വിതരണത്തിനായി പൊതിച്ചോറ് തയാറാക്കി നൽകാൻ വിസമ്മതിച്ച സ്ത്രീകളെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട് കയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ മൂന്നു സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനാട് വാഴവിള രജിഭവനിൽ രജിലാലിന്റെ ഭാര്യ അശ്വതി (30), രജിലാലിന്റെ സഹോദരി വട്ടിയൂർക്കാവ് കുമാരി സദനത്തിൽ രജനി (38), അയൽവാസി വാഴവിള വീണാഭവനിൽ വിനിത (39) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തുടർന്നുള്ള പ്രത്യാക്രമണത്തിൽ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ വാഴവിള തടത്തരികത്ത് വീട്ടിൽ എസ്. ദീപക്കി (26) നെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിതരണം ചെയ്യാൻ പൊതിച്ചോറ് തയാറാക്കി നൽകണമെന്ന് അശ്വതിയോടു ഡിവൈഎഫ്ഐ പ്രവർത്തകർ നിർദേശിച്ചിരുന്നു. എന്നാൽ ശബരിമല പ്രശ്നത്തിലെ ഇടതു നിലപാടിലുള്ള പ്രതിഷേധമായി അശ്വതി വിസമ്മതമറിയിച്ചു. തുടർന്നു വൈകിട്ട് ദീപക്കിന്റെ നേതൃത്വത്തിൽ സംഘമായി അശ്വതിയുടെ വീട്ടിൽ കയറി ആക്രമിച്ചെന്നാണു പരാതി.
ഈ സമയത്തു രജിലാൽ വീട്ടിലുണ്ടായിരുന്നില്ല. അയൽക്കൂട്ടത്തിന്റെ കാര്യങ്ങൾ അശ്വതിയുമായി ചർച്ച ചെയ്യാനെത്തിയ രജനിയും വിനിതയും ആക്രമണത്തിനിരയായി. വേലിക്കമ്പു കൊണ്ടു മർദിച്ചതായി ഇവർ പൊലീസിൽ പരാതി നൽകി. സംഘർഷത്തിനിടെ തന്റെ സ്വർണത്താലി നഷ്ടപ്പെട്ടതായും അശ്വതി പരാതി പറഞ്ഞു. സംഭവത്തെ തുടർന്ന് രണ്ടു ചേരിയിലും ഉള്ള ആളുകൾക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments