ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്്റ്റര്‍ ഇടപാട് അഴിമതി കേസില്‍ അന്വേഷകര്‍ പിടിച്ചെടുത്ത ഒരു കടലാസില്‍ ‘ആര്‍’ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് റഷ്യയെയും ആ രാജ്യത്തെ പ്രതിരോധ ഇടനില കമ്പനിയായ റൊസൊബൊറോണ്‍ എക്‌സ്‌പോര്‍ട്ടിനെയുമാണെന്നു ചോദ്യം ചെയ്യലില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ വെളിപ്പെടുത്തിയെന്നു സൂചന. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മിഷേല്‍, ഇടപാടിനു കോഴ കൊടുത്തെന്നും കൊടുത്തത് രണ്ടാമത്തെ ഇടനിലക്കാരനായ ഗ്വയ്‌ദോ ഹാഷ്‌കെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയെന്ന് ഇംഗ്ലിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മിഷേല്‍ മറ്റുള്ളവരുടെ പേരു പറഞ്ഞു പണം വാങ്ങുന്നവനാണെന്നു കഴിഞ്ഞയാഴ്ച ഹാഷ്‌കെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മിഷേലിന്റെ ‘വെളിപ്പെടുത്ത’ലിനെക്കുറിച്ചു റിപ്പോര്‍ട്ട് വന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനൊപ്പം റോസൊബൊറോണ്‍ എക്‌സ്‌പോര്‍ട്ടും ഹെലികോപ്ടര്‍ ഇടപാടു നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കരാര്‍ വ്യവസ്ഥകളില്‍ ചിലതു സ്വീകാര്യമല്ലെന്ന കാരണത്താല്‍ 2007 ല്‍ പിന്‍മാറി.
നേരത്തേ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കുറിച്ചു മിഷേല്‍ പരാമര്‍ശിച്ചതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി. സിങ് സിബിഐ കോടതിയില്‍ ആരോപിച്ചിരുന്നു. ഏതു സാഹചര്യത്തിലാണു പരാമര്‍ശമുണ്ടായതെന്നു വെളിപ്പെടുത്താനാവില്ലെന്നും മിഷേലും മറ്റു ചിലരുമായുള്ള ആശയവിനിമയത്തില്‍ ‘ആര്‍’ എന്നു ചുരുക്കപ്പേരുള്ള വലിയ ആളെക്കുറിച്ചു പരാമര്‍ശമുണ്ടെന്നും സിങ് പറഞ്ഞിരുന്നു. പിന്നാലെ, ബിജെപിയുടെ രാജ്യസഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായ നേതാവ് അഗസ്റ്റയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിച്ചെന്നു മിഷേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയെന്ന് സൂചനയുണ്ടായി.
Post Your Comments