ഐ.എം ദാസ്
മേഘാലയിലെ കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോഴും അതില്‍ ഒരാളെപ്പോലും രക്ഷിക്കാന്‍ കഴിയാത്ത നാണക്കേടിലാണ് മേഘാലയ. മേഘാലയ മാത്രമല്ല രാജ്യത്തിന് തന്നെ അപമാനമാകുന്നതാണത്. തായ്‌ലന്റിലെ രക്ഷാപ്രവര്‍ത്തനത്തിന് കയ്യടിച്ച് പൂച്ചെണ്ട് സമര്‍പ്പിച്ചവര്‍ മേഘാലയയിലെ പാവം തൊഴിലാളികളെ എത്ര വേഗത്തിലാണ് മറന്നുപോകുന്നത്.
അകപ്പെട്ടത് പതിനഞ്ച് തൊഴിലാളികള്‍
മേഘാലയയിലെ കിഴക്കന്‍ ജെയന്റിയ ഹില്‍സ് ജില്ലയില്‍ കഴിഞ്ഞ മാസമായിരുന്നു ആ ദൗര്‍ഭാഗ്യസംഭവമുണ്ടായത്. പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിക്കുള്ളില്‍ 15 തൊഴിലാളികള്‍ അകപ്പെടുകയായിരുന്നു. 320 അടി താഴ്ചയുള്ള എലിമട എന്നപേരില്‍ അറിയപ്പെടുന്ന ഖനികളിലൊന്നിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഒരു മാസം കഴിയുമ്പോഴും ഇവരില്‍ ഒരാളെപ്പോലും കണ്ടെത്തൊനോ അവര്‍ ജീവനോടെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ നാണക്കേട്. സമീപത്തെ നദിയില്‍ നിന്നോ ഭൂഗര്‍ഭജലാശയത്തില്‍ നിന്നോ ഖനിയിലേക്ക് വെള്ളം കയറിയാകാം അനധികൃത കല്‍ക്കരി ഖനനത്തിനിറങ്ങിയ തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ നിന്നും വെള്ളം വറ്റിക്കുന്ന പ്രവര്‍ത്തനം കാര്യക്ഷമമാവാത്തതാണ് തൊഴിലാളികളെ കണ്ടെത്തുന്നതിന് തടസമാകുന്നത്.
തടസമാകുന്നത് ഖനിയിലെ ജലം
രാജ്യം കണ്ടതില്‍ വച്ച ഏറ്റവും ദൈര്‍ഘ്യമേറിയ രക്ഷ ദൗത്യം ആണ് നടന്നുകൊണ്ടിരിക്കുന്നത് . നാഷണല്‍ ജോഫ്യ്സിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ,ഗ്രാവിറ്റി , മാഗ്‌നെറ്റിക് ഗ്രൂപ് തുടങ്ങി ഒരു വലിയ സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചുകഴിഞ്ഞു. അതേസമയം, ഖനിക്കുള്ളില്‍ അകപ്പെട്ട 15 പേരും മരിച്ചിട്ടുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന മുങ്ങല്‍ വിദഗ്ധര്‍ നല്‍കുന്ന സൂചന. മുന്നൂറ്റെഴുപത് അടി താഴ്ചയുള്ള ഖനിയിലെ വെള്ളം വറ്റിക്കുക എന്നത് ശ്രമകരമായിരിക്കും.ഇതുവരെ ഒരു കോടി ലിറ്റര്‍ വെള്ളം പുറത്തെത്തിച്ചെങ്കിലും ഖനിയിലെ വെള്ളത്തിന്റെ അളവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഈ വെള്ളം വറ്റിക്കാനായി പത്ത് കുതിരശക്തിയുള്ള രണ്ട് പമ്പുകളാണ് ആകെയുള്ളത്. ഒരു നദി മൊത്തം വറ്റിക്കുന്നതിന് ഈ രണ്ട് പമ്പുകള്‍ മതിയോ എന്നാണ് രക്ഷാ ദൗത്യം നടത്തുന്നവരുടെ ചോദ്യം. നൂറ് കുതിരശക്തിയുള്ള പത്ത് പമ്പുകള്‍ എത്തിച്ചാല്‍ വെള്ളം വറ്റിക്കുന്നത് കുറെക്കൂടി വേഗത്തിലാകും. എന്നാല്‍ അതിനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമില്ല. ഖനിയുടെ സങ്കീര്‍ണാവസ്ഥ കാരണം രക്ഷാ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാനുള്ള സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നാണ് ആരോപണം. പ്രധാന തുരങ്കവും അതിന് ശേഷമുള്ള നാല് ഉപതുരങ്കവുമടക്കം അതിസങ്കീര്‍ണമാണ് ഈ ഖനി.
ഏകോപനമില്ലാത്ത രക്ഷാദൗത്യം
ലൈറ്റെയിറ്റ് നദിതീരത്ത് പടിഞ്ഞാറേ ഭാഗത്തെ ഖലു- റിങ്സാണ് മേഖലയിലാണ് അപകടം നടന്നത്. ഡിസംബര്‍ 20 നു വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ ഒരുപാട് സഹായ ഹസ്തങ്ങള്‍ നീണ്ടുവന്നു സി എസ ഐ ആര്‍ -എന്‍ ജി ആര്‍ ഐ യിലെ ശാസ്ത്രജ്ഞന്‍ ദേവശിഷ് കുമാറും സംഘവും രക്ഷപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നു. എന്നാല്‍ എല്ലാ രക്ഷാപ്രവര്‍ത്തകരെയും ഒരു പോലെ കുഴയ്ക്കുന്നത് ഖനിയിലെ ജലമാണ്. ഖനിയുടെ അകത്ത് 70 അടിയിലേറെ വെള്ളം നിറഞ്ഞിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തില്‍ കാര്യമായ ഏകോപനമൊന്നുമുണ്ടാകുന്നില്ല എന്നതും തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ്. ദുരന്തനിവാരണ സേന മാത്രമാണ് കാര്യമായ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.
കണ്ടെത്താനായത് തൊഴിലാളികളുടെ ചില ഹെല്‍മറ്റുകള്‍
രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തൊഴിലാളികളെ ജീവനോടെയോ അല്ലാതെയോ പുറത്തെത്തിക്കണം എന്നാണ് രാജ്യത്തിന്റെ പരമോന്നതകോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്തായാലും അപകടകരമായ ജോലിക്കിറങ്ങിത്തിരിച്ചവരുടെ ജീവന് അധികാരികള്‍ വലിയ വില കല്‍പ്പിക്കുന്നില്ല എന്നു തന്നെയാണ് ഈ ഒരുമാസം കൊണ്ട് മനസിലാക്കേണ്ടത്. കുടുംബത്തിന്റെ പട്ടിണി മുന്നില്‍ കണ്ടുകൊണ്ടാകും ജീവന്‍ എടുക്കുന്ന ജോലിക്കായി ആ പാവം തൊഴിലാളികള്‍ സ്വമേധയാ മുന്നോട്ട് വന്നത്. ഖനിയില്‍ കുടുങ്ങിയത് തൊഴിലാളികളായതിനാല്‍ വലിയ രാഷ്ട്രീയ ഇടപടെലോ മറ്റ് രാജ്യങ്ങളുടെ സഹായമോ ലഭിക്കില്ല. പകരം വിദേശികളോ വിനോദസഞ്ചാരികളോ ആയിരുന്നെങ്കില്‍ ഇതേ സംഭവം തന്നെ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാകുമായിരുന്നു. നാളിതുവരെ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ ചില ഹെല്‍മറ്റുകള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കണ്ടെത്താനായത്.
ഇനി ജീവനോടെ കണ്ടെത്താനാകുമോ
ഈ ഒരു മാസത്തെ ദുരിതങ്ങളെല്ലാം അതിജീവിച്ച് വെള്ളത്തില്‍ അകപ്പെടാതെ തൊഴിലാളികള്‍ സുരക്ഷതിരായി കഴിയുന്നുണ്ടെന്ന വിഡ്ഢി ധാരണ ഒഴിവാക്കപ്പെട്ടുകഴിഞ്ഞു. ജീവനോടെ ഇവരെ കണ്ടെത്താനാകുമോ എന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഒരു ഉറപ്പുമില്ല. അങ്ങനെ ആരെയെങ്കിലും ജീവനോടെ കിട്ടിയാല്‍ അത് മഹാത്ഭുതമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. രക്ഷാപ്രവര്‍ത്തനം കഠിനമാക്കുന്നതരത്തിലുള്ള സങ്കീര്‍ണസാഹചര്യങ്ങളാണ് ഖനിയിലേതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുക്കത്തില്‍ നഷ്ടം ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ കുടുംബത്തിന്റേത് മാത്രമാകും. ഇപ്പോള്‍ തന്നെ ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധംം വരുന്നുണ്ടെന്ന സൂചന തൊഴിലാളികളില്‍ ചിലരുടെയെങ്കിലും ജീവന്‍ നഷ്ടമായി ശരീരം അഴുകിത്തുടങ്ങി എന്നതിന്റെയാണ്. അനധികൃത ഖനികളില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍ കുടുംബത്തിന്റെ വിശപ്പടക്കാന്‍ ജോലിക്കെത്തുന്നവരുടെ ജീവനെടുത്താണ് കളിക്കുന്നതെന്ന് ഭരണകൂടങ്ങള്‍ പോലും മറന്നു പോകുന്നു.
ജീവനെടുക്കുന്ന ഖനനത്തിന് അറുതിയാകുമോ ?
അതേസമയം ഇവിടെ കല്‍ക്കരി ഖനനം പൂര്‍ണമായി നിരോധിക്കണം എന്ന ആവശ്യവുമായി ചില സംഘടനകള്‍സുപ്രീം കോടതിയെ സമീപിച്ചുകഴിഞ്ഞു. ഈ വ്യവസായത്തില്‍ നിന്ന് നഷ്ടമാണ് കൂടുതലെന്നും എഴുപത് ശതമാനം ആളുകള്‍ ഖനനം കൊണ്ട് ഭൂരഹിതരായി എന്നും ഇവര്‍ നല്‍കിയയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ ഖനിയില്‍ കുടുങ്ങിയിരിക്കുന്ന 15 പേരുടെ ജീവന്റെ വില അധികാരികള്‍ക്ക് മനസിലായില്ലെങ്കില്‍ കോടതിക്കെങ്കിലും മനസിലാകട്ടെ. ഭാവിയില്‍ ഇനിയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കാനുള്ള നടപടി കോടതിയില്‍ നിന്ന് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments