മുംബൈ : ചായവിറ്റ് ലോകം ചുറ്റുന്ന ഈ മലയാളി ദമ്പതികളെ അറിയാത്തവരായി ആരുമുണ്ടാകില്ല. 43 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ 20 രാജ്യങ്ങളാണ് വിജയന്- മോഹന ദമ്പതികള്‍ സന്ദര്‍ശിച്ചത്. കൊച്ചിയിലെ ചെറിയ ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഇതുവരെയുള്ള യാത്രകള്‍ മുഴുവനും. ഇപ്പോള്‍ ഇരുവരേയും പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.
ഫോബ്സ് മാസികയിലെ പട്ടികയില്‍ ഇവര്‍ ഇല്ലെങ്കിലും ഇരുവരും അതിസമ്പന്നരാണ്. അവരുടെ ജീവിതം തന്നെയാണ് സമ്പാദ്യം എന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരെക്കുറിച്ചുള്ള പ്രമുഖ ട്രാവല്‍ബ്ലോഗര്‍ ഡ്രൂ ബിന്‍സ്കിയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര പ്രശംസിച്ചത്.
‘ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇവരുണ്ടാകില്ല. പക്ഷേ നമ്മുടെ രാജ്യത്തെ അതിസമ്പന്നരില്‍ പെടുന്നവരാണ് ഇവരും. ജീവിതത്തോടുള്ള ഇവരുടെ കാഴ്ചപ്പാടാണ് ഇവരുടെ സമ്പാദ്യം. അടുത്ത തവണ ഇവരുടെ പട്ടണത്തിലെത്തുമ്പോള്‍ ഉറപ്പായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയിരിക്കും’ ആനന്ദ് കുറിച്ചു.
ഇരുവരുടേയും യാത്ര പ്രേമം കേരളവും ഇന്ത്യയും കടന്ന് ലോകം തന്നെ കീഴടക്കിയത് വളരെ പെട്ടന്നായിരുന്നു. ദേശിയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഡ്രൂ ബിന്‍സ്കി കൊച്ചിയിലെത്തി ഇവരെക്കുറിച്ച് വീഡിയോ എടുക്കുന്നത്. ഇതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 1963 കാലഘട്ടത്തിലാണ് ഇരുവരും തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. ചായക്കടയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെച്ചാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്. 90 കളുടെ പകുതിയിലാണ് ശ്രീ ബാലാജി കോഫി ഹൗസ് ആരംഭിക്കുന്നത്. യാത്രകളാണ് ഇരുവരുടേയും ലക്ഷ്യം. കിട്ടിയ ജീവിതം സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണ്ടേ എന്നാണ് ഇവര്‍ പറയുന്നത്. ലോകം മുഴുവന്‍ തങ്ങളെ വാഴ്ത്തുന്നത് ശ്രദ്ധിക്കാതെ ചായക്കടയില്‍ ഇരുന്ന് ഇപ്പോഴും അടുത്ത യാത്രക്കുള്ള തയാറെടുപ്പിലാണ് ഇരുവരും.
Post Your Comments