വെഡിങ് ഫോട്ടോഷൂട്ടുകള്‍ എങ്ങനെ വൈറലാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. ചിലതെങ്കിലും ഇതില്‍ അപകടം വിളിച്ചു വരുത്താറുണ്ട്. എന്നാല്‍ മറ്റു ചില ഫോട്ടോഷൂട്ടുകള്‍ ചിരി വരുത്തുന്നതുമായിരിക്കും. ഇത്തരത്തില്‍ ഫോട്ടോഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങ് വീഡിയോ എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കും. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.
കുട്ടനാട്ടിലെ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന വരനെയും വധുവിനെയും ആണ് ആദ്യം ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. വീഡിയോയില്‍ വധു ഭയത്തോടെ വള്ളത്തിലിരിക്കുന്നതും കാണാം. എന്നാല്‍ പോസ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിഞ്ഞു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. അങ്കമാലി കിടങ്ങൂര്‍ സ്വദേശി ജിബിന്‍ ദേവ് പകര്‍ത്തിയ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്.
Post Your Comments