KeralaLatest News

ശബരിമല; രാഹുല്‍ ഗാന്ധി അഭിപ്രായം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിന് മേല്‍ കുതിര കേറുന്നവരുടെ നാവടപ്പിക്കാന്‍ കഴിഞ്ഞെന്ന് കൊടിക്കുന്നില്‍ സുരേഷ്

ശബരിമല യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സിന് മേല്‍ കുതിര കേറുന്ന സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും നാവ് അടപ്പിക്കാന്‍ കഴിഞ്ഞെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ശബരിമല യുവതീ പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നിലപാട് അഖിലേന്ത്യാ കോണ്‍ഗ്രസ്സിന്റെ നിലപാടിന് വിരുദ്ധമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ആരോപണത്തിനുള്ള ചുട്ട മറുപടിയാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദുബായില്‍ വച്ച് നടത്തിയ അഭിപ്രായ പ്രകടനമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ചൂണ്ടിക്കാട്ടി. സ്ത്രീ സമത്വത്തിന് വേണ്ടി എക്കാലത്തും നിലകൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. അതോടൊപ്പം ഇന്ത്യന്‍ ഭരണ ഘടനയേയും ജുഡീഷ്യറിയേയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുള്ളത്. അത് മുറുകെ പിടിച്ചു കൊണ്ടാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിച്ചതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ വിശ്വാസികളുടെ വിശ്വാസത്തിന് പോറല്‍ ഏല്‍ക്കുന്ന വിധിയാണിതെന്നും പുന:പരിശോധന ഹര്‍ജിയിലൂടെയോ നിയമനിര്‍മ്മാണത്തിലൂടെയോ സുപ്രിംകോടതി വിധി മറികടന്ന് വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് യാതൊരു നിരോധനവുമില്ലെന്നും അയ്യപ്പന്റെ പ്രതിഷ്ഠയുടെ പ്രത്യേകത കണക്കിലെടുത്ത് 10 നും 50 നും ഇടയിലുള്ള സ്ത്രീകള്‍ക്ക് നീയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം നിരന്തരം പരിശ്രമിച്ചു വരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്തും വിശ്വാസികളുടെ വികാരം പൂര്‍ണ്ണമായും മനസ്സിലാക്കിയും തന്റെ നിലപാടില്‍ മാറ്റം വരുത്തി കൊണ്ട് ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

വനിതാ ശാക്തീകരണത്തില്‍ കോണ്‍ഗ്രസ്സിനെ പോലെ തീരുമാനമെടുത്ത മറ്റൊരു പാര്‍ട്ടിയും ഇന്ത്യയില്‍ ഇല്ല. ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായതും പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയാക്കിയതും മീരാകുമാറിനെ ലോക്‌സഭാ സ്പീക്കറാക്കിയതും മുഖ്യമന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍ തുടങ്ങിയ പദവികളില്‍ വനിത നേതാക്കളെ തെരഞ്ഞെടുത്തതും കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷരായും പ്രഗ്തഭരായ നിരവധി വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമത്തിലൂടെ 33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കാന്‍ ഭരണഘടന ഭേദഗതിയിലൂടെ നിയമം നിര്‍മ്മിച്ച കോണ്‍്ഗ്രസ്സ് പാര്‍ട്ടി എക്കാലത്തും സ്ത്രീ സമത്വത്തിന് വേണ്ടി ആത്മാര്‍ത്ഥമായി നിലകൊണ്ടിട്ടുള്ള പാര്‍ട്ടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ഗാന്ധി തുടക്കത്തില്‍ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കോടാനുകോടി വിശ്വാസികളുടെ താല്‍പര്യം മനസ്സിലാക്കിയ രാഹുല്‍ ഗാന്ധി അവസരത്തിനൊത്ത് ഉയരുകയും സത്യസന്ധതയും ആത്മാര്‍ത്ഥയുമുള്ള നേതാവായി മാറുകയും ചെയ്തു. ശബരിമല യുവതീ പ്രവേശനത്തില്‍ സി.പി.എമ്മും ബി.ജെ.പി.യും സ്വീകരിച്ച നിലപാടുകള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതും കോണ്‍ഗ്രസ്സിന്റേത് വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടിയുള്ളതുമാണ്. വിശ്വാസികളുടെ പക്ഷത്ത് നിന്നുകൊണ്ട് ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. ഈ തീരുമാനത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റെ സ്വീകാര്യത നേടാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശബരിമല വിഷയത്തിലുള്ള നിലപാട് വ്യക്തമായതോടു കൂടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സുപ്രിംകോടതി വിധിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നുള്ള ആവശ്യത്തിന് വേണ്ടി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button