ഭോപ്പാല്‍: തന്നെ കൊള്ളക്കാരനെന്ന് വിളിച്ച് അധിക്ഷേപിച്ച സ്കൂള്‍ പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ജബല്‍പൂരിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ മുകേഷ് തിവാരി സ്കൂളിലെ ഒരു പരിപാടിക്കിടെയാണ് മുഖ്യമന്ത്രി കമല്‍ നാഥിനെ കൊള്ളക്കാരനെന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജില്ലാ കലക്ടര്‍ ഛവി ഭരര്വാജ് കഴിഞ്ഞ വ്യാഴാഴ്ച പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിച്ചത്.
‘ ജബല്‍പൂരിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്നെ കൊള്ളക്കാരനെന്ന് വിളിക്കുന്ന ഒരു വീഡിയോ പ്രചരിച്ചെന്നും അതിന് അയാളെ സസ്പെന്‍ഡ് ചെയ്തെന്നുമാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് ആര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതുകൊണ്ട് തന്നെ ജില്ലാ കലക്ടറുടെ നടപടി തെറ്റാണ്. ഞാന്‍ അദ്ദേഹത്തോട് കലക്ടറുടെ നടപടിയില്‍ മാപ്പു ചോദിക്കുകയാണ്’ – കമല്‍നാഥ് പറഞ്ഞു.
ഒരു അധ്യാപകന്റെ കടമ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയും അതിന് കുട്ടികളെ പ്രാപ്തരാക്കുകയുമാണ്. മുകേഷ് തിവാരി ഭാവിയില്‍ ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ച് തന്റെ കടമ കൃത്യമായി നിര്‍വഹിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments