കണ്ണൂര്‍: ജില്ലയില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ജില്ലയില്‍ വിതരണത്തിനെത്തിയ വെല്ലം നിരോധിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എ. ജനാര്ദ്ദനന് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.
ഈ സംഭവത്തോടെ വെല്ലത്തിന്റെ വില്‍പ്പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചിരിക്കയാണ്. തുണികള്‍ക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിന്‍ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്. റോഡമിന്‍ ബി ദേഹത്ത് തട്ടിയാല്‍ ചര്‍മ്മാര്‍ബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാല്‍ ഇത് ചേര്‍ത്ത വെല്ലം ശരീരത്തിനികത്തെത്തിയാല്‍ മാരക കാന്‍സര്‍ പിടിപെടാന്‍ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. റോഡാമിന്‍ ബിയും ബ്രില്യന്റ് ബ്ലൂയും ചേര്‍ത്ത മിശ്രിതം ശര്‍ക്കരക്ക് മഞ്ഞ ഉള്‍പ്പെടെയുള്ള നിറങ്ങള്‍ നല്‍കും.
ഉപഭോക്താക്കള്‍ നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്നതാണ് ഇത്തരം നിറങ്ങളില്‍ വെല്ലം കേരളത്തിലെത്താന്‍ കാരണമാവുന്നത്. കറുത്ത വെല്ലത്തില്‍ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേല്‍വിലാസം പോലുമില്ലാത്തവരാണ് വെല്ലം ഉത്പ്പാദിപ്പിക്കുന്നത്. മഹാഭൂരിപക്ഷത്തിനും ഭക്ഷ്യ വസ്തു ഉണ്ടാക്കാനുള്ള അനുമതിപോലുമില്ല. എന്നാല്‍ മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉത്പ്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാര്‍ വാങ്ങി കേരളത്തില്‍ വിതരണം ചെയ്യുകയാണ് പതിവ്.
Post Your Comments