തിരുവനന്തപുരം•നവോത്ഥാനമൂല്യങ്ങൾ നിലനിർത്താനുള്ള പോരാട്ടത്തിലാണ് കേരളത്തിലെ യുവജനങ്ങളെന്ന് വ്യവസായ, കായിക, യുവജനകാര്യമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സമൂഹവും ശാസ്ത്രവും വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഒട്ടനവധി അനാചാരങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പ്രളയകാലത്ത് യുവത്വത്തിന്റെ സവിശേഷത ഉയർത്തിപ്പിടിച്ചവരാണ് കേരളത്തിലെ യുവാക്കൾ. പ്രളയകാലത്തു കണ്ട അവരുടെ കൂട്ടായ്മ ഇനിയും നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമബോർഡും യുവജനകമ്മിഷനും കായിക, യുവജനകാര്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനക്കൂട്ടായ്മകൾക്ക് ഇന്നത്തെ ഇന്ത്യയിൽ ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ. എന്നാൽ ഈ യുവജനശക്തിയിലൂടെത്തന്നെ വളരാനാണ് തീവ്രപ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ആത്മീയ, മതചിന്തകളിൽ കുരുങ്ങിക്കിടന്നതായിരുന്നില്ല സ്വാമി വിവേകാനന്ദന്റെ ജീവിതം. എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട വിശ്വമാനവികതയാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഒന്നരനൂറ്റാണ്ടിനുശേഷവും അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യുവജനകമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം അധ്യക്ഷയായിരുന്നു. യുവജനദിന പ്രതിജ്ഞയും അവർ ചൊല്ലിക്കൊടുത്തു. യുവജന കമ്മിഷൻ അംഗങ്ങളായ തുഷാര ചക്രവർത്തി, അഡ്വ.കെ.യു.ജനീഷ്‌കുമാർ, കായിക, യുവജനകാര്യവകുപ്പ് അഡീഷണൽ ഡയറക്ടർ ബി.അജിത്ത് കുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, യുവജനക്ഷേമബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു സ്വാഗതവും മെമ്പർ സെക്രട്ടറി ആർ.എസ്.കണ്ണൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ്, ചിത്രരചനാമത്സരങ്ങളിലെ വിജയികൾക്കും മികച്ച യുവജനക്‌ളബ്ബുകൾക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി ഇ.പി.ജയരാജൻ വിതരണം ചെയ്തു.
Post Your Comments