തിരുവള്ളൂര്‍: ചെന്നൈയിൽ വീടിന് സമീപത്തുവെച്ച് വാഹനാപകടത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത് 400 കിമീ അകലെ ആന്ധ്രയില്‍. തിരുവള്ളൂര്‍ ജില്ലയില്‍ ചെന്നൈയ്ക്ക് സമീപം പണ്ടുരില്‍ വെച്ചാണ് സുധാകരൻ എന്ന ബൈക്ക് യാത്രികന്റെ വാഹനം അമിത വേഗതയിലെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വേറിട്ട സുധാകരന്റെ വലതുകാല്‍ റോഡില്‍ കിടന്നു.
ശരീരം തെറിച്ച് അതുവഴി കടന്നുപോയ ട്രക്കിലും ചെന്ന് വീണു. ബൈക്കില്‍ ഇടിച്ച കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് വേര്‍പ്പെട്ട കാല്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പോലീസ് സുധാകരന്റെ മൃതദേഹം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരു തുമ്ബും ലഭിച്ചില്ല. ഇതിനിടെ ആന്ധ്രയിലെ കുര്‍നൂലില്‍ എത്തിയ ട്രക്കില്‍ വലതുകാല്‍ നഷ്ടമായ മൃതദേഹം കണ്ടെത്തി.
ഡ്രൈവറാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ആന്ധ്ര പോലീസ് തമിഴ്‌നാട് പോലീസിന് വിവരം കൈമാറി. സിപ്‌കോട്ടിലെ ജീവനക്കാരനായ സുധാകരന്‍ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുധാകരന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments