കൊല്ലം: വീടുകളില്‍ എന്തെങ്കിലും ആഷോഷങ്ങളോ പരിപാടികളോ ഉണ്ടാകുമ്പോള്‍ നമ്മളില്‍ പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ അങ്ങനെയുള്ള ഇടങ്ങളിലെത്തി അവിടുത്തെ കുട്ടികളോടും അന്തേവാസികളോടുമൊത്ത് ഒരു നേരം ചെലവഴിക്കുന്നു. ഇന്ന് സര്‍വ സാധാരണമാണെങ്കിലും ആഘോഷങ്ങളും ബഹളങ്ങളും കഴിഞ്ഞ പോകുമ്പോള്‍ ആ കുഞ്ഞുങ്ങളുടെ മനസ്സിലെ വികാരമെന്തെന്ന് നമ്മളാരും ഓര്‍ക്കാറില്ല. അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍കളെയും ആ സന്തോഷത്തില്‍ പങ്കാളികളാക്കുക എന്ന് മാത്രമാണ് നമ്മള്‍ അപ്പോള്‍ ഓര്‍ക്കുക.
എന്നാല്‍ ആഘോഷങ്ങള്‍ക്കു ശേഷം ആ കുട്ടികളുടെ മനസില്‍ എന്തെന്ന് ഉയര്‍ന്ന ചോദ്യമാണ് സിബി ഗോപാലകൃഷ്ണന്‍ എന്ന പ്രവാസിയായ പിതാവിനെ മറ്റൊരു മാര്‍ഗത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിനെ കുറിച്ച് സിബി ഫേസ്ബുക്കില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിനും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഇന്ന് ഞങ്ങളുടെ മകന്‍ ഒമാറിന്റെ മൂന്നാമത്തെ ജന്മദിനമാണ്.
ഏതൊരു മാതാപിതാക്കളെയും പോലെ, മകന്റെ ആദ്യ ജന്മദിനം, സുഹൃത്തുക്കളേയും സഹപ്രവര്‍ത്തരെയുമൊക്കെ വിളിച്ചുകൂട്ടി, ആഘോഷമായി നടത്തണമെന്നതായിരുന്നു ഞങ്ങളുടെയും ആഗ്രഹം. അമ്മയുടെ ആകസ്മിക വേര്‍പാടില്‍ അത്തരമൊരു പരിപാടിക്കുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല ഞങ്ങള്‍. എന്നാലും ഏകമകന്റെ ആദ്യ പിറന്നാളില്‍, വ്യത്യസ്തമായും മാതൃകാപരമായും, എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തീവ്രമായി വളര്‍ന്നു കൊണ്ടിരുന്നു. സാധാണയായി വൃദ്ധസദനങ്ങളിലേക്ക് എന്തെങ്കിലും സംഭാവന, അല്ലെങ്കില്‍, അനാഥാലയങ്ങളിലേയ്ക്ക് ഒരു സംഭാവന, അങ്ങനെ പലതിലും മനസ്സുടക്കി . അപ്പോഴാണ് ഒരു സുഹൃത്ത്,വിവിധ പ്രായക്കാരായ ഏകദേശം ഇരുപത്തി അഞ്ചു കുട്ടികള്‍ താമസിക്കുന്ന, ഒരു അനാഥാലയത്തെക്കുറിച്ചു പറഞ്ഞത്. അവിടെ ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍, മകന്റെ ജന്മദിനം വരുന്ന വാരാന്ത്യത്തില്‍ അവര്‍ക്ക് വേറെ പരിപാടികള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടുമകന്റെ ജന്മദിനം അവിട ആഘോഷിക്കുന്നതില്‍ അവര്‍ക്ക് സന്തോഷമേയുള്ളൂ എന്ന് അറിയിച്ചു .പലരും അങ്ങനെ ചെയാറുണ്ടത്രേ. അപ്പോള്‍ ഞാന്‍ പോലും അറിയാതെ,എന്നില്‍ നിന്നൊരു ചോദ്യം പുറത്തേക്ക് ചാടി ! ആഘോഷം കഴിഞ്ഞു,കുട്ടികളും മാതാപിതാക്കളും ഒക്കെ മടങ്ങിക്കഴിയുമ്പോള്‍, എങ്ങനെയാണ് ഈ കുട്ടികള്‍ പ്രതികരിക്കുന്നത്?…ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് എനിക്ക് അപ്പോള്‍ ലഭിച്ചത്..
കുട്ടികള്‍ക്ക് പലര്‍ക്കും വല്ലാത്ത വിഷമമാണ് …അല്പം മുതിന്നവര്‍ക്കാണ് കൂടുതല്‍ സങ്കടം. വളരെ നിര്‍ബന്ധിച്ചാണ്, അവരെ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു ആ മറുപടി. അച്ഛനും അമ്മയും ഇല്ലാതെ അനാഥരായി വളരുന്ന, ഒരു ജന്മദിനത്തിനു പോലും ബന്ധുക്കളാരുമെ ത്താനില്ലാത്ത കുരുന്നുകളുടെ മുന്നില്‍ നിന്ന്, സകുടുംബം ആഘോഷപ്പൂര്‍വ്വം കേക്ക് മുറിക്കുന്നതിലെ അശ്ലീലം! അതവരില്‍ ഉണ്ടാക്കിയേക്കാവുന്ന നഷ്ടബോധം, ആലോചിക്കുന്തോറും, തൊണ്ടയിലൊരു വേദനയായി പിടിമുറുക്കി..അതിനെ മറികടക്കാന്‍, അങ്ങനെയൊരു സാഹചര്യമൊഴിവാക്കുകയല്ലാതെ, മറ്റൊന്നും തന്നെയറിയില്ലായിരുന്നു.
പിന്നീടുള്ള ചിന്ത, ഈ കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും ?എന്നതായിരുന്നു..വീണ്ടും അനാഥാലയത്തിന്റെ ചുമതല വഹിക്കുന്ന സിസ്റ്ററിനെ വിളിച്ചപ്പോള്‍, അവര്‍ നിര്‍ദ്ദേശിച്ചത്, താല്പര്യമുണ്ടെങ്കില്‍ ഒരു തുക സംഭാവന ചെയ്യാമെന്നതായിരുന്നു. ഞാന്‍ കൊടുക്കുന്ന സംഭാവന കൊണ്ട് , അവര്‍ക്കു വേണ്ടി,എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യാമോ എന്ന എന്റെ ചോദ്യത്തിന്, അത് സാധ്യമല്ല എന്നായിരുന്നു മറുപടി. എന്റെ സംഭാവന പോകുന്നത് ഒരു ജനറല്‍ ഫണ്ടിലേക്കാണ്,. സ്ഥാപനത്തിന്റെ നടത്തിപ്പിനാണ് ആ തുക ഉപയോഗിക്കുക. ഞാന്‍ ആ കുട്ടികളെ പുറത്തുകൊണ്ടു പോയാലോ എന്ന ചോദ്യത്തിന്, അവരിങ്ങനെയാണ് മറുപടി പറഞ്ഞത്. നിങ്ങള്‍ക്ക് സമയം ഉണ്ടെങ്കില്‍, നിങ്ങള്‍ക്കു അവരോടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. ഒരു സ്ഥാപനത്തിന് അതിന്റേതായ പരിമിതികളുണ്ട് .ഈ കുട്ടികളെ ഒരു എശിലഉകില റസ്റ്റോറന്റില്‍ കൊണ്ട് പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെ ചെയ്യുകയായാണെങ്കില്‍ അതാണുചിതം .അവര്‍ക്കും അതായിരിക്കും കൂടുതല്‍ സന്തോഷം നല്‍കുക.
ആ കുട്ടികള്‍ക്കു,ഒരു നല്ല അനുഭവം സമ്മാനിക്കുക എന്നതായിരുന്നു,എന്റെ തീരുമാനം. ഒന്ന് രണ്ടു സ്ഥലങ്ങളില്‍ വിളിച്ചു ചോദിച്ചപ്പോള്‍ 25 കുട്ടികള്‍ ഉള്ള ഗ്രൂപ്പെന്ന് കേട്ടപ്പോള്‍ അവര്‍ക്കു പേടി. കുട്ടികള്‍ ബഹളം ഉണ്ടാക്കി, മറ്റു അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലോയെന്ന്? പിന്നെ താമസിച്ചില്ല, സുഹൃത്തും Spice Of India St Lucia റസ്റ്ററന്റ് ഉടമയുമായ ആദില്‍ ഷെര്‍വാണിയെ വിളിച്ചു.. അദ്ദേഹം പറഞ്ഞു നിങ്ങള്‍ ധൈര്യമായി പോരെ. കുട്ടികളും അവരുടെ മെനുവും ഒന്നും ഓര്‍ത്തു നിങ്ങള്‍ വിഷമിക്കേണ്ട. പിന്നെയുള്ള ജോലി കേക്ക് ഓര്‍ഡര്‍ ചെയ്യുകയെന്നതായിരുന്നു .ഒന്നും എഴുതാതെ ഒരു വലിയ കേക്ക് വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം. അങ്ങനെ ആ ദിവസമെത്തി. വളരെ മനോഹരമായി ഡ്രസ്സ് ചെയ്തു,ഒരു ളശിലറശില ഭക്ഷണശാലയില്‍ പോകുന്ന ഗൗരവത്തിലും,എന്നാല്‍ സന്തോഷത്തിലും വന്ന രണ്ടു വയസു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള 22 കുട്ടികളും,ഹോളി ഫാമിലി ചില്‍ഡ്രന്‍സ് ഹോമിലെ അഡ്മിന്‍ ആയ കന്യാസ്ത്രീയും അവിടത്തെ ആയയും. ഞാനും ഭാര്യയും ആതിഥേയരായി, കൂടെ എന്റെ സുഹൃത്ത് അഖിലും. ഓരോ കുട്ടികളോടും പറഞ്ഞത് അവര്‍ക്കിഷ്ടമുള്ളതെന്തും കഴിക്കാം,അവിടെ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലായെന്നും,. അവര്‍ക്ക് എന്ത് ആഗ്രഹമുണ്ടോ, എത്ര ആവശ്യമുണ്ടോ അതെല്ലാം ഓര്‍ഡര്‍ ചെയ്യാമെന്നുമാണ് വ്യത്യസ്ഥങ്ങളായ സ്വാദിഷ്ടമായ ഭകഷണം.. പ്രായത്തിനേക്കാള്‍ പക്വതയോടുകൂടി പെരുമാറിയ കുട്ടികള്‍ എന്തും കഴിക്കാം എത്രയും കഴിക്കാം എന്നുള്ള പ്രലോഭനങ്ങളില്‍, സ്വീകരിച്ചത് ഐസ് ക്രീമിന്റെ ഓഫര്‍ മാത്രം.
മകന്‍ അവരിലൊരാളായി,ആരും ബര്‍ത്ഡേ ഗാനം പാടിയില്ല, പാട്ടിന്റെ അകമ്പടിയില്ലാതെ ഞങ്ങളുടെ മകന്‍ ആ കേക്ക് മുറിക്കുമ്പോള്‍….അവന്റെ ആദ്യത്തെ ബര്‍ത്ഡേ മറക്കാനാകാത്ത അനുഭവമായി! എല്ലാ കുട്ടികളോടും ഞങ്ങള്‍ സംസാരിച്ചു എല്ലാവര്‍ക്കും ഓരോ ടീ ഷര്‍ട്ടുകളും സമ്മാനമായി നല്‍കി. ഡിന്നര്‍ സന്തോഷകരമായി അവസാനിച്ചു,അവരെ യാത്രയാക്കി കഴിഞ്ഞു ബില്ല് ചോദിച്ചപ്പോഴാണ് അടുത്ത സര്‍പ്രൈസ്. തുക ഞാന്‍ പ്രതീക്ഷിച്ചത്തിന്റെ മൂന്നില്‍ ഒന്ന് മാത്രം..മുതിര്‍ന്നവരുടെ ബില്ല് മാത്രമേ ഇട്ടിട്ടുള്ളൂ..കുട്ടികളുടെ ബില്ല് ഇടാന്‍ തോന്നിയില്ല എന്നായിരുന്നു അവരുടെ മറുപടി! വളരെ നിര്‍ബന്ധിച്ചിട്ടും അവര്‍ ബില്ലിടാന്‍ തയ്യാറായില്ല.ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തായതു കൊണ്ടല്ല..ആ കുട്ടികള്‍ അനുഭവിച്ച സന്തോഷം കണ്ടപ്പോള്‍, ഒരു പരിചയവും ബന്ധവും ഇല്ലാത്ത കുറച്ചു കുട്ടികള്‍ക്ക് നല്ലൊരു അനുഭവം കൊടുക്കാനുള്ള ഞങ്ങളുടെ ശ്രമത്തില്‍ അദ്ദേഹവും പങ്കാളി ആകുകയാണ് ചെയ്തത്. ഇനിയുംആ കുട്ടികളെയും കൊണ്ട് വരണമെന്നും,അവരുടെ സന്തോഷത്തില്‍ പങ്കു ചേരാനുള്ള അവസരമൊരുക്കണമെന്നു മാത്രമാണ്,അദ്ദേഹം പറഞ്ഞത്.
അനാഥരോ, പാവപ്പെട്ടതോ ആയ കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ അവരോടൊപ്പം അവരിലൊരാളായി, അവരുടേതായി അല്പസമയം കണ്ടെത്തുക.നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നതും, അവര്‍ക്കു കിട്ടാതെ പോകുന്നതുമായ സന്തോഷങ്ങള്‍, അനുഭവങ്ങള്‍,സ്നേഹം,സൗഹൃദം എന്നിവ സമ്മാനിക്കുക .അവരെ പാര്‍ക്കില്‍ കൊണ്ട് പോകാം..ബീച്ചില്‍ അല്ലെങ്കില്‍ ഒരു സിനിമയ്ക്കോ,ഭക്ഷണത്തിനോ ..പക്ഷെ അവരുടെ മുന്നില്‍ ചെന്നു, കുടുംബസമേതമുള്ള നമ്മുടെ ആഘോഷങ്ങള്‍ക്ക്,അവരെ കാഴ്ചക്കാരാക്കരുത്.
അനുഭവത്തില്‍ നിന്നുണ്ടായ തിരിച്ചറിവ് പങ്കിട്ടെന്ന് മാത്രം,…
https://www.facebook.com/sibikris/posts/10162282151165643
Post Your Comments