ബെംഗലുരു: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യന്‍ ബഹിരാകാശ പദ്ധതി ഗഗന്യാന് 2021ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്. ബെംഗലുരുവില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വനിത ബഹിരാകാശ യാത്രികരും ഇതിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഗഗന്യാന് ദൗത്യം. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും റക്ഷ്യയിലുമായിരിക്കും ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗന്യാന് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 10,000 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഭൂമിയില്‍ നിന്ന് 300 മുതല്‍ 400 കിലോമീറ്റര്‍ ഉയരചത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ബഹിരാകാശ വാഹനം എത്തിക്കും. ഏഴുദിവസം വരെ സഞ്ചാരികള്‍ ബഹിരാകാശത്ത് തങ്ങും. ആളുകളില്ലാതെ രണ്ടുതവണ യാത്ര നടത്തിയതിന് ശേഷമായിരിക്കും സഞ്ചാരികളുമായി വാഹനം വിക്ഷേപിക്കുന്നത്. ജിഎസ്എല്‍വി മാര്‍ക്ക് ത്രീയാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
Post Your Comments